ഡല്‍ഹി: റിപബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍. അര്‍ണബ് വലിയ രീതിയിലുള്ള ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും തന്റെ മാധ്യമവും പദവിയും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വാട്‌സ് ആപ്പ് ചാറ്റെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
കേട്ടുകേള്‍വിപോലുമില്ലാത്ത തരത്തില്‍ നിലവിലെ സര്‍ക്കാരില്‍ അര്‍ണബിന് പിടിപാടുണ്ടെന്നും നിയമവാഴ്ചയുള്ള ഏതൊരു രാജ്യത്തും അര്‍ണബ് ദീര്‍ഘകാലത്തേക്ക് അഴിക്കുള്ളില്‍ കിടക്കുമെന്നും ഭൂഷണ്‍ പ്രതികരിച്ചു.
2019 മാര്‍ച്ച് 25 ന് പാര്‍ഥോ ദാസ് ഗുപ്ത രഹസ്യ സ്വഭാവമുള്ള ബാര്‍കിന്റെ കത്ത് അര്‍ണബിന് അയച്ച ശേഷം നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. വാട്‌സ്ആപ്പ് ചാറ്റില്‍ താന്‍ എന്‍ബിഎ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ ടിവിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി വഴി രക്ഷിക്കണമെന്നും പാര്‍ഥോ വാട്‌സ് ആപ്പ് ചാറ്റില്‍ പറയുന്നതായി കാണാം. താന്‍ അയച്ച കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്.
ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്ന് അര്‍ണബ് ഉറപ്പ് നല്‍കുന്നുമുണ്ട്. താന്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പറയുന്നു.ട്രായിയോടും രജത് ശര്‍മയോടും തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും താന്‍ ബിജെപിയേയും
വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും ബാര്‍ക് സിഇഒ പറയുന്നു. അര്‍ണബിന്റെയും സിഇഒയുടെയും ചാറ്റ് പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.