X
    Categories: columns

വീണ്ടുവിചാരം വേണ്ടത് പ്രശാന്ത്ഭൂഷണോ ജുഡീഷ്യറിക്കോ

സി.കെ സുബൈര്‍

വീണ്ടുവിചാരത്തിനു നല്‍കിയ ദിവസങ്ങള്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണില്‍ ഒരു മാറ്റവും വരുത്തിയില്ല. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രശാന്ത്ഭൂഷന്റെ ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ കേസില്‍ അദ്ദേഹത്തിന് ഒരു രൂപ യാണ് പിഴയിട്ടത്. തന്റെ പരാമര്‍ശങ്ങളില്‍ പ്രശാന്ത്ഭൂഷണ്‍ മാപ്പുപറയണം എന്നതാണ് കോടതി ആഗ്രഹിച്ചിരുന്നത് എന്ന് വ്യക്തമാണ്. ശക്തമായ സമ്മര്‍ദ്ദമാണ് അതിനുവേണ്ടി ഉണ്ടായത്. പക്ഷേ തന്റെ സത്യവാങ്മൂലത്തില്‍ നിലപാടുകള്‍ ഒന്നുകൂടി ഉറപ്പിച്ച് പറയുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കടുത്ത ശിക്ഷകളൊന്നും നല്‍കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു രക്തസാക്ഷി പരിവേഷം അദ്ദേഹത്തിന് ലഭിക്കുമോ എന്ന ഭയമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്‌വെച്ചത്. ആറു മാസംവരെ തടവ് ശിക്ഷ നല്‍കാവുന്ന കുറ്റമായിരുന്നിട്ടും താരതമ്യേന ചെറിയ ശിക്ഷ വിധിച്ചതെന്തുകൊണ്ടായിരിക്കും. പ്രശാന്ത്ഭൂഷന്റെ വാക്കുകളിലെ ധാര്‍മ്മിക ശക്തിയെ അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നത്‌കൊണ്ട് തന്നെയാണ്. സാധാരണ പൗരന്റെ മനസിലെ ആശങ്കകള്‍ തന്നെയാണ് അദ്ദേഹത്തിലൂടെ പുറത്ത്‌വന്നത്.

പാവപ്പെട്ടവന്റെ അവസാനത്തെ പ്രതീക്ഷയാണ് ജുഡീഷ്യറി എന്നത് എത്ര ആവര്‍ത്തിച്ചാലും ക്ലീഷേ ആകാത്ത പ്രയോഗമാണ്. ലോകമാകെ ഭരണകൂടങ്ങളും അവരുടെ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളും പൗരന്‍മാരുടെ അവകാശങ്ങളെ നിക്ഷേധിക്കുന്ന കാലത്ത് പ്രത്യേകിച്ചും. പൗരന്റെ അവസാനത്തെ പ്രതീക്ഷയുടെ കാവലാളാവുക എന്ന ദൗത്യനിര്‍വഹണമാണ് കോടതിയുടെ വിശുദ്ധ ധര്‍മ്മം. ഈ പശ്ചാത്തലത്തിലാണ് പ്രശാന്ത്ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിനെ പരിശോധിക്കേണ്ടത്. ഏതെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളുന്നയിക്കുന്ന ആളല്ല പ്രശാന്ത് ഭൂഷണ്‍ എന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ സാക്ഷിയാണ്.

ശാന്തിഭൂഷന്റെയും കുമുദ്ഭൂഷന്റെയും മൂത്ത മകന്‍ അടിയന്തിരാവസ്ഥ കാലം മുതലേ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളെ നിരന്തരം ചോദ്യംചെയ്തുകൊണ്ടേയിരിക്കുന്ന ആളാണ്. അഭിഭാഷക വൃത്തിയെ ധനസമ്പാദന മാര്‍ഗമായി കണ്ടിട്ടില്ല അദ്ദേഹം. സന്ധിയായാല്‍ ലഭിക്കുന്ന ഉന്നത പദവികള്‍ ഒരിക്കലുമദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. ജുഡീഷ്യറിയുടെ അക്കൗണ്ടബിലിറ്റിക്കും നവീകരണത്തിനും നിഷ്പക്ഷതക്കുംവേണ്ടി വാദിക്കുക മാത്രമല്ല തന്റെ നിയമ ജീവിതത്തെ അതിനുള്ള പോരാട്ട വേദിയാക്കിമാറ്റുകയും ചെയ്തു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍ സിങ് എന്നിവരെയൊക്കെ രൂക്ഷമായി വിമര്‍ശിച്ചു. ജന്‍ ലോക്പാല്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഴിമതി വിരുദ്ധ മൂവ്‌മെന്റിന്റെ മുന്‍നിര പോരാളിയായിരുന്നു. തുടര്‍ന്ന് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു. അതും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു എന്ന് തോന്നിയപ്പോള്‍ വേര്‍പിരിഞ്ഞു സ്വന്തം നിലയില്‍ തന്റെ ഇടപെടലുകളുമായി മുന്നോട്ട്‌പോയി.

പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടികളും ഇതാദ്യമായല്ല. 2009ല്‍ സുപ്രിംകോടതിയിലെ 16 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന പ്രസ്താവനയെതുടര്‍ന്ന് കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടു (കേസ് ഇപ്പോഴും തുടരുകയാണ്). കശ്മീരിലെ സായുധസേന സവിശേഷാധികാര നിയമം നീക്കണം എന്നാവശ്യപ്പെട്ടതിന്റെ പേരില്‍ അദ്ദേഹത്തെ 2011 ല്‍ ഒരു വലതു തീവ്രവാദി കൈയേറ്റം ചെയ്തു, നിലത്തിട്ട് ചവിട്ടി. കോടികള്‍ വിലമതിപ്പുള്ള അഭിഭാഷകനായിരുന്നില്ല അദ്ദേഹം. തന്റെ നാലിലൊന്നുസമയം മാത്രമേ അദ്ദേഹം പണം വാങ്ങി സേവനമനുഷ്ഠിച്ചുള്ളു. അതും മറ്റ് അഭിഭാഷകരേക്കാള്‍ കുറഞ്ഞ ഫീസ് മാത്രം. ശേഷിക്കുന്ന സമയമത്രയും ചിലവഴിച്ചത് തന്റെ നീതിബോധത്തെ തൃപ്തിപ്പെടുത്തുന്ന ഇടപെടലുകള്‍ക്കായിരുന്നു.

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്‍ട്രസ്റ്റ് ലിറ്റിഗേഷന്‍ (സി.പി.ഐ.എല്‍) പി.യു.സി.എല്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു. പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ നടത്തിയ നിയമയുദ്ധങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ കരുത്തു പകര്‍ന്നവയാണ്. ജുഡീഷ്യല്‍ ആക്റ്റിവിസത്തിന്റെ മാസ്മരിക സൗന്ദര്യമുള്ള ധീരോദാത്തമായ ഇടപെടലുകള്‍. കോടതി മുറിയായിരുന്നു അദ്ദേഹത്തിന്റെ സമര വേദി. ഭരണഘടനയായിരുന്നു സമരായുധം. അഴിമതിക്കെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ, പരിസ്ഥിതി കൈയേറ്റങ്ങള്‍ക്കെതിരെ നിലക്കാത്ത സമരമാണ് അദ്ദേഹത്തിന്റെ ജീവിതം. നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മോദിയുടെ മൗനാനുവാദത്തോടെ ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട ഭീകരതക്കെതിരെ ശക്തമായ നിലപാടെടുത്തു. നോട്ടു നിരോധനം മഹാ മണ്ടത്തരമാണെന്ന് തുറന്നുപറഞ്ഞു. റഫേല്‍ ഇടപാടിലെ അഴിമതി തുറന്നുകാണിക്കാന്‍ സുപ്രിംകോടതിയില്‍ പൊരുതി. വിവരാവകാശ നിയമം ദുര്‍ബലമാക്കാന്‍ നീക്കമുണ്ടായപ്പോള്‍ ശക്തമായി ചെറുത്തു. ജുഡീഷ്യറിയും ആ നിയമത്തിന്റെ പരിധിയില്‍ വരണമെന്ന് വാദിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു. ഭരണകൂടത്തിന്റെ അടിയാളന്‍മാരായി മാറിയ മാധ്യങ്ങളെ വിമര്‍ശിച്ചു.

മാവോവാദി, രാജ്യദ്രോഹി വാക്കുകളും അദ്ദേഹത്തിനെതിരെ നിരന്തരം ഉപയോഗിക്കപ്പെട്ടു. രാജ്യത്തോടുള്ള സ്‌നേഹമാണ് അദ്ദേഹത്തിന്റെ ആത്മധൈര്യം. രാജ്യസ്‌നേഹമെന്നാല്‍ അധികാരത്തിന്റെ പരമോന്നത സിംഹാസനങ്ങളിലിരിക്കുന്നവരോടുള്ള ഭക്തിയല്ല. നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരോടുള്ള സ്‌നേഹവും ഈ നാടിന്റെ ഭരണഘടനയോടുള്ള പ്രതിബദ്ധതയുമാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. മോദിയെ വിമര്‍ശിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയോ, പാകിസ്താനു വേണ്ടിയോ അല്ല. കോടതിയെ വിമര്‍ശിക്കുന്നത് ബഹുമാനക്കുറവ് കൊണ്ടോ അരാജകവാദി ആയതുകൊണ്ടോ അല്ല. ആയുസിന്റെ നല്ലൊരു പങ്ക് കോടതി മുറിയില്‍ സത്യത്തിന്റെ പക്ഷത്ത്‌നിന്ന് സംസാരിച്ച മനുഷ്യനാണ്. ശരിയായ നീതി നടപ്പാക്കാന്‍ കോടതിയെ സഹായിച്ച അഭിഭാഷകനാണ്. ആ പ്രതിബദ്ധത തന്നെയാണ് ഇപ്പോള്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കുപിന്നിലും.

ഒരു നിലക്കും വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്ത വിശുദ്ധ പശുവല്ല കോടതികള്‍. ജനാധിപത്യ സംവാദങ്ങളില്‍നിന്നും വിമര്‍ശനങ്ങളില്‍ നിന്നും സമ്പൂര്‍ണമായും ഒഴിച്ചുനിര്‍ത്തപ്പെടുന്ന സംവിധാനവും ഉണ്ടായിക്കൂട.
സുപ്രിംകോടതിയിലെ തന്നെ നാല് സിറ്റിങ് ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശനങ്ങളുന്നയിച്ചത് സമീപകാല ചരിത്രമാണ്. അവരിലൊരാള്‍ പിന്നീട് ചീഫ് ജസ്റ്റിസ് ആയപ്പോള്‍ നാടകീയമായ വിധേയത്വം രൂപപ്പെട്ടു. രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളില്‍ ഭരണകക്ഷിക്ക് അനുകൂലമായ വിധി നല്‍കിയതും അതേ മനുഷ്യന്‍ വിരമിച്ച ശേഷം ബി.ജെ.പിയുടെ ചിലവില്‍ രാജ്യസഭാ അംഗമായതും പിന്നീട് കണ്ടു. ഇനി മുഖ്യമന്ത്രിക്കസേര ലക്ഷ്യംവച്ച് അസമിന്റെ സംസ്ഥാന രാഷ്ട്രീയത്തിലും അദ്ദേഹം ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നു എന്ന് കേള്‍ക്കുന്നു. കോടതിയിലെ തന്നെ ഒരു ജീവനക്കാരി ഇദ്ദേഹത്തിനെതിരെ ഉന്നയിച്ച ലൈംഗിക ആരോപണവും വാര്‍ത്തയായി. കോവിഡ് കാലത്തെ അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കോടതി ഇടപെടാന്‍ വിസമ്മതിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തെ സംബന്ധിക്കുന്ന മൗലികമായ ചോദ്യങ്ങളുന്നയിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍നടപടികള്‍ നിശ്ചലമാണ്. ഇത്തരം നിരവധി വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെടുകയും തീര്‍പ്പുകല്‍പിക്കുകയും ചെയ്യുക എന്നത് സുപ്രിംകോടതിയുടെ ഉത്തരവാദിത്വമാണ്. രാജ്യത്തിന്റെ പരമോന്നത കോടതിയുടെ അധികാരം പ്രവര്‍ത്തിക്കേണ്ടത് അവിടെയാണ്.

കോടതി വിധികളെക്കുറിച്ചും നടപടികളെക്കുറിച്ചും വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാവുക തീര്‍ത്തും സ്വാഭാവികമാണ്. അതിനെ അഭിസംബോധന ചെയ്യാതെയുള്ള ഈ പോക്ക് അപകടമാണ്, അസ്വാഭാവികമാണ്, അശുഭകരമാണ്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന രാജ്യത്തിന്റെ പരമാധികാരികളായ കോടിക്കണക്കിന് മനുഷ്യരുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ക്കുന്നതാണ്. അവരുടെ ആധിയും ആശങ്കയുമാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചത്.

അതിന്റെ പേരില്‍ മാപ്പുപറയാനോ കരുണ യാചിക്കാനോ ഞാനില്ല എന്നു പറയുന്നത് ധിക്കാരമല്ല. അത് സുപ്രിംകോടതി തിരച്ചറിയാതെ പോയത് പരമോന്നത കോടതിയുടെ മഹത്വത്തിനേറ്റ മങ്ങല്‍ തന്നെയാണ്. ജനാധിപത്യ സമൂഹത്തില്‍ അത്തരം സംവാദങ്ങള്‍ക്കായി ഒരു ഇടം തുറന്നിടേണ്ട ബാധ്യത സുപ്രിംകോടതിക്കുണ്ട്. ആ വിശുദ്ധ ദൗത്യം നിറവേറ്റാന്‍ സുപ്രിംകോടതിക്കു കഴിയേണ്ടതായിരുന്നു. ചരിത്രം ഒരിക്കലും മാപ്പു പറഞ്ഞവരുടേതായിരുന്നില്ല. എന്തു നഷ്ടപ്പെട്ടാലും ഞങ്ങള്‍ സത്യത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കും എന്ന് തീരുമാനിച്ചവരുടെ ത്യാഗങ്ങളാണ് ഇന്ത്യയെ രൂപപ്പെടുത്തിയത്. ആ ത്യാഗസ്മരണകള്‍ ഇന്നും ഇവിടുത്തെ പൗരന്‍മാരുടെ മനസില്‍ കെടാതെ തെളിഞ്ഞു നില്‍ക്കുകയാണ്. അവരുടെ മനസില്‍ പ്രശാന്ത് ഭൂഷണ് വീരപരിവേഷം ലഭിച്ചു കഴിഞ്ഞു. ചരിത്രം അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് വിധിക്കും.
(മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

Test User: