ജക്കാര്‍ത്ത: ഇന്തേനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച്.എസ് പ്രണോയിയുടെ ജൈത്രയാത്ര തുടരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക, ഒളിംപിക് ചാമ്പ്യന്‍ ചൈനയുടെ ചെന്‍ ലോങിനെ അട്ടിമറിച്ചാണ് പ്രണോയി സെമി പ്രവേശം നേടിയത്. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തും സെമിയില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ മൂന്നു തവണ ഒളിംപിക് വെള്ളിമെഡല്‍ ജേതാവും ലോക ഒന്നാം നമ്പര്‍ താരവുമായി ലീ ചോങ് വെയിയെ തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തിയ പ്രണോയ് ഒരിക്കല്‍ കൂടി തന്റെ മാസ്മരിക പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു.
ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 21-18, 16-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം. നേരത്തെ മൂന്നു തവണ ചൈനീസ് എതിരാളിയോട് കളിച്ചപ്പോഴും പരാജയം നേരിടേണ്ടി വന്ന ലോക 25-ാം നമ്പര്‍ താരമായ പ്രണോയി ഉത്തവണ മത്സരം പൂര്‍ണമായും തന്റെ വരുതിയിലാക്കുകയായിരുന്നു. ഇതാദ്യമായാണ് പ്രണോയി ഒരു സൂപ്പര്‍ സീരീസിന് സെമിയില്‍ ഇടം നേടുന്നത്. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്ത് ചൈനീസ് തായ്‌പേയിയുടെ സൂ വെയ് വാങ്ങിനെ 21-15, 21-14 എന്ന സ്‌കോറിന് കീഴടക്കി സെമിയിലെത്തി. മത്സരം 37 മിനിറ്റുകൊണ്ടാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. ജപ്പാന്റെ കസുമസ സകായി-ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ് മത്സര വിജയിയേയാണ് പ്രണോയി സെമിയില്‍ നേരിടുക. ശ്രീകാന്തിന് കൊറിയയുടെ രണ്ടാം സീഡ് താരം സണ്‍ വാന്‍ ഹോയാണ് എതിരാളി. വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളും പി.വി സിന്ധുവും നേരത്തെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. സൈന തായ്‌ലന്റിന്റെ നിച്ചാവോന്‍ ജിന്‍ഡാപോലിനോട് 21-15, 6-21, 21-16 എന്ന സ്‌കോറിന് തോറ്റപ്പോള്‍ പി.വി സിന്ധു മലേഷ്യന്‍ താരം ബെയ്‌വന്‍ ഴാങിനോട് 15-21, 21-12, 21-18 എന്ന സ്‌കോറിന് തോറ്റു പുറത്തായി.