ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ച വിവരം മകന്‍ അഭിജിത് മുഖര്‍ജിയാണ് ട്വിറ്ററിലൂടെ പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയായിരു്ന്നു.
ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായി വ്യക്തി മുദ്ര പതിപ്പിക്കുകയായിരുന്നു ബംഗാള്‍ സ്വദേശിയായ പ്രണബ് കുമാര്‍ മുഖര്‍ജി.
1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കമദകിങ്കർ മുഖർജിയുടെയും രാജ്‌ലക്ഷ്‌മി മുഖർജിയുടെയും ഇളയ മകൻ. സുരി വിദ്യാസാഗർ കോളജിലും കൊൽക്കത്ത സർവകലാശാലയിലുമായിരുന്നു പഠനം. തപാൽ വകുപ്പിൽ യുഡി ക്ലർക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോളജ് അധ്യാപകനായി. കുറച്ചുകാലം പത്രപ്രവർത്തകനുമായിരുന്നു. പരേതയായ സുവ്രാ മുഖര്‍ജിയാണ് ഭാര്യ. കോണ്‍ഗ്രസ് വ്യക്താക്കളായ ശര്‍മിഷ്ഠ മുഖര്‍ജി, അഭിജിത് മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി എന്നിവരാണ് മക്കള്‍.
പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം. രാഷ്ട്രീയ കാര്യങ്ങള്‍ വ്യക്തമായ രൂപമുണ്ടായിരുന്ന പ്രണബ്, ഓര്‍മ്മ ശക്തിയില്‍ അഗ്രഗണ്യന്‍ കൂടിയായിരുന്നു. എല്ലാ മേഖലകളിലും തന്റെ സംഭാവനകള്‍ നല്‍കി പ്രണബ് ഒരു രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു.
1969ലാണ് ആദ്യമായി രാജ്യസഭയിലെത്തുന്നത്. 2004ല്‍ ലോക്സഭയിലെത്തി. എഡിബിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണന്‍സ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്ത്യ യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതു പ്രണബാണ്. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്‍കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി.
1977ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ചു. 2008ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്. 2019-ല്‍ ഭാരത രത്ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ബിയോണ്ട് സര്‍വൈവല്‍, എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി, ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.