‘ഞാന്‍ ദീര്‍ഘനടത്തം ഇഷ്ടപ്പെടുന്നു’ – 2012ല്‍ കേന്ദ്രധനമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രണബ് മുഖര്‍ജി പറഞ്ഞ വാക്കുകളാണിത്. യഥാര്‍ത്ഥ ജീവിതത്തിലും ഇതു തന്നെയായിരുന്നു പ്രണബ്. അധികാരത്തിന്റെ ഇടനാഴിയില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആ ദീര്‍ഘനടത്തത്തിന് വിരാമമായിരിക്കുന്നു. പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നില്ല എങ്കിലും അതിന്റെ എല്ലാ ‘അധികാരവും’ വഹിച്ച രാഷ്ട്രീയക്കാരനായിരുന്നു പ്രണബ്. അമ്പതിലേറെ മന്ത്രിതല സമതിയുടെ അദ്ധ്യക്ഷനായിരുന്നു പല കാലങ്ങളായി അദ്ദേഹം. കപ്പിനും ചുണ്ടിനുമിടയില്‍ പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും പിന്നീട് പ്രണബ് ദാ രാഷ്ട്രപതിയുടെ കസേരയിലെത്തി. രാഷ്ട്രീയ ജിവിതം പോലെ തീര്‍ത്തും അപ്രതീക്ഷിതമായി.
1969ല്‍ 34-ാം വയസ്സിലാണ് പ്രണബ് ഇന്ദ്രപ്രസ്ഥത്തിലെത്തുന്നത്. 24 സൗത്ത് പര്‍ഗാനയിലെ വിദ്യാനഗര്‍ കോളജില്‍ രാഷ്ട്രീയം പഠിപ്പിച്ചിരുന്ന പ്രണബിനെ കണ്ടെത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. 69ല്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നത് 2017ല്‍ രാഷ്ട്രപതി ഭവന്‍ ഒഴിയുമ്പോഴാണ്. ഓഗസ്റ്റ് ഒമ്പതിന് രാഷ്ട്രപതി ഭവന്‍ ഒഴിയുന്ന ദിസവും അദ്ദേഹം എട്ടു കിലോമീറ്റര്‍ നടന്നു. നാലു മണിക്കൂര്‍ രാവിലെയും നാലു മണിക്കൂര്‍ വൈകിട്ടും. എല്ലാം കുറിച്ചു വച്ചിട്ടുണ്ട് പ്രണബ്, പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ ഓരോ ദിവസവും.
അതില്‍ അരമനയിലെ ഒരുപാട് രഹസ്യങ്ങളുണ്ടാകുമെന്ന് തീര്‍ച്ച. രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള പ്രണബിന്റെ കഴിവിനെ കുറിച്ച് ഒരിക്കല്‍ ഇന്ദിര പറഞ്ഞത് ഇങ്ങനെയാണ്; ‘എല്ലാം അദ്ദേഹത്തിന്റെ തലയിലെത്തും, പുക മാത്രമേ പുറത്തു വരൂ’ – അന്ന് ചെയന്‍ സ്‌മോക്കറായിരുന്നു പ്രണബ്.
പ്രതിരോധം, ധനം, വിദേശം, വാണിജ്യം എന്നീ നാലു മുഖ്യമന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത നയചാതുരി മാത്രം മതി പ്രണബിന്റെ വലിപ്പം ബോദ്ധ്യപ്പെടാന്‍. 2008ല്‍ അദ്ദേഹമാണ് യു.എസുമായുള്ള ആണവകരാറില്‍ ഒപ്പുവച്ചത്. രണ്ടു യു.പി.എ സര്‍ക്കാറുകളിലെ ഘടകകക്ഷികളെയും ഒന്നിച്ചു നിര്‍ത്തിയ നൂല്‍ച്ചരടും അദ്ദേഹം തന്നെ.