X

ആര്‍.എസ്.എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി: യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ യാഥാര്‍ത്ഥ ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്. ആര്‍.എസ്.എസ് തൊപ്പിധരിച്ച പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ട്വിറ്ററിലൂടെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ടത്.


വ്യാജ ചിത്രവും വേര്‍തിരിച്ച് നല്‍കിയാണ് ട്വീറ്റ്. സംഭവത്തില്‍ പ്രതികരണവുമായി നേരത്തെ പ്രണബ് മുഖര്‍ജിയുടെ മകള്‍ രംഗത്തുവന്നിരുന്നു. താന്‍ പേടിച്ചത് അത് സംഭവിച്ചിരിക്കുന്നുവെന്നും പിതാവിന്റെ ചിത്രം വ്യാജമായി നിര്‍മിച്ച് ആര്‍.എസ്.എസ് പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മകള്‍ ഷര്‍മിസ്ത ട്വിറ്ററില്‍ കുറിച്ചു.


പ്രസംഗം എന്തു നടത്തിയാലും ജനങ്ങള്‍ അത് മറക്കും. എന്നാല്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്നും ഷര്‍മിസ്ത പറഞ്ഞു. തലയില്‍ തൊപ്പി ധരിച്ച് സെല്യൂട്ട് ചെയ്യുന്ന പ്രണബ് മുഖര്‍ജിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൡ ആര്‍.എസ്.എസ് പ്രചരിപ്പിച്ചത്.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും മറ്റു ആര്‍.എസ്.എസ് നേതാക്കളും ധരിച്ചതു പോലെ കറുത്ത തൊപ്പിയാണ് പ്രണബിന്റെ തലയിലും വെച്ചിട്ടുള്ളത്. അതുപോലെ യഥാര്‍ത്ഥ വലതുകൈ വെട്ടിമാറ്റി ചിത്രത്തില്‍ നെഞ്ചിലേക്ക് മാറ്റി പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ചിത്രങ്ങളില്‍ മോഹന്‍ഭാഗവതിന്റെ കൈ തന്നെയാണ് ആര്‍.എസ്.എസ് പ്രണബിന്റേതായും ചിത്രീകരിച്ചിട്ടുള്ളത്.
ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വീണ്ടും ഷര്‍മിഷ്ട പ്രതികരിച്ചു. ‘ഇതേപ്പറ്റിയാണ് ഞാനദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തിരുന്നത്. ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ചടങ്ങു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആര്‍.എസ്.എസ് ജോലി തുടങ്ങിയിരിക്കുകയാണ്’,ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചു.

chandrika: