പ്രമോദ് പുഴങ്കര
താനൂരിലെ വിനോദസഞ്ചാര ബോട്ടപകടത്തിന് എന്താണ് കാരണങ്ങള്‍, ആരാണുത്തരവാദി എന്ന് കണ്ടെത്തുകയും കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാവുകയും വേണം. എല്ലാ വിധ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇത്തരത്തില്‍ ആളുകളെ കുത്തിനിറച്ചും അപകടകരമായ വിധത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള കച്ചവടം നടക്കുമ്പോള്‍ അത്തരം ഇടപാടുകള്‍ നിയന്ത്രിക്കാനും തടയാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം അതിന് കൂട്ടുനില്‍ക്കുകയായിരുന്നു എന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇത്തരത്തിലുള്ള ഒരു ദുരന്തവും ഒരു നിമിഷത്തെ അനാസ്ഥയില്‍ നിന്നുമല്ല ഉണ്ടാകുന്നത്, വേണ്ട വിധത്തില്‍ വേണ്ടപ്പെട്ടവരെ സമൃദ്ധമായി സന്തോഷിപ്പിച്ച് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇത്തരം അപകടകങ്ങളിലേക്കെത്തുന്നത്.
മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം വേഗത്തിലാക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നു എന്നിടത്ത് മാത്രമാണ് സര്‍ക്കാര്‍ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് പ്രശ്നം.
ആരാണ് ഉത്തരം പറയേണ്ടത് എന്നതിന് അതിനും ജനമാണ് ഉത്തരവാദി എന്ന, അതിനീചം എന്നതില്‍ക്കുറഞ്ഞൊന്നും വിളിക്കാനാവാത്ത ന്യായീകരണം അഥവാ കുറ്റാരോപണവുമായി ഭരണസംവിധാനങ്ങളുടെ അടുക്കളപ്പുറത്തെ പെറുക്കിത്തീനികളും കടന്നല്‍ കമാണ്ടര്‍മാരും ഇറങ്ങിയിട്ടുണ്ട്. സ്‌കൂട്ടറില്‍ മൂന്ന് പേര്‍ പോയപോലൊരു നിയമലംഘനമാണ് വിനോദസഞ്ചാരത്തിന്റെ പേരില്‍ ആളുകളെ കുത്തിനിറച്ച് സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലാതെ ഒരു കച്ചവടം നടത്തുന്നതും അതിന് ഉദ്യോഗസ്ഥ , ഭരണ സംവിധാനം കൂട്ടുനിന്നതെന്നും ഈ അഴിമതിയും അനാസ്ഥയും മൂലം മരിച്ച മനുഷ്യരുടെ ശവമടക്ക് കഴിയുന്നതിന് മുമ്പുതന്നെ ന്യായീകരണ പൂജ നടത്താനുള്ള ഔദ്ധത്യം കാണുമ്പോള്‍ അധികാരത്തിന്റെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയാല്‍ ഏത് നാസി തടങ്കല്‍പാളയത്തിലെ കമാണ്ടര്‍മാരായി രൂപാന്തരം പ്രാപിക്കാനുള്ള ശേഷിയുള്ളവരാണ് കേരളത്തിലെ ഭരണാധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികള്‍ എന്നത് കൂടുതല്‍ ഭീഷണമായി തെളിയുകയാണ്. ഇതിനിടയില്‍ക്കൂടി എങ്ങനെയാണ് അക കാമറ അഴിമതി ഉദ്ദേശശുദ്ധിയുടെ ക്ഷീരധാരയില്‍ കുളിപ്പിച്ചെടുക്കാന്‍ കഴിയുക എന്ന തൊമ്മികളുടെ ഉത്സാഹം ദുരധികാരത്തിന്റെ വേതാളനൃത്തമാണ്.
ഗുജറാത്തിലെ മോര്‍ബി പാലം സമാനമായ അഴിമതിയും അനാസ്ഥയും മൂലം വിനോദസഞ്ചാരത്തിന്റെ പേരില്‍ നടത്തിയ കച്ചവടത്തിന്റെ ഫലമായി തകര്‍ന്ന് 140 ലേറെ മനുഷ്യര്‍ മരിച്ചപ്പോള്‍ എഴുതിയ അതേ യുക്തി താനൂരിലെ അപകടത്തിലേക്കെത്തുമ്പോള്‍ മറന്നുപോകുന്നത് രണ്ടും തമ്മിലുള്ള അധികാരരൂപങ്ങളുടെ സമാനതകള്‍ കണ്ടുള്ള ലജ്ജകൊണ്ട് മാത്രമായിരിക്കില്ല.
ജനാധിപത്യസംവിധാനത്തില്‍ ഭരണസംവിധാനത്തിന്റെ പിടിപ്പുകേടും അഴിമതിയും സൃഷ്ടിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ക്ക് ആരാണ് ഉത്തരം പറയേണ്ടത്? മരിച്ചവരും മരിക്കാത്തവരുമായ ജനത്തിന്റെ അനാസ്ഥ എന്നാണ് ഇപ്പോഴും വെള്ളത്തിനടിയില്‍ പൂണ്ടുകിടക്കുന്ന മൃതദേഹങ്ങളുണ്ടാകാം എന്ന് ഭയക്കുന്നൊരു ദുരന്തത്തിന്റെ തൊട്ടുപിന്നാലെ ഭരണകക്ഷിയുടെ ന്യായീകരണപണിശാലകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന ആക്രോശം. ഒരു ജനതയെന്ന നിലയില്‍ നാം നേരിടുന്ന ദുരന്തത്തിന്റെ കാഴ്ചകൂടിയാണത്.
അടുത്ത വിദേശയാത്രക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കുടുംബങ്ങളും പരിവാരങ്ങളും തയ്യാറായിക്കഴിഞ്ഞു. മന്ത്രിമാര്‍ വിദേശത്ത് പോയി ലോകം കണ്ടുപഠിച്ചുവന്നാല്‍ നാട്ടുകാര്‍ക്കാണ് ഗുണമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. ഞങ്ങളിവിടെ ജലസമാധിയിലാണ്, നിങ്ങള്‍ ലോകം കണ്ട് പഠിച്ചുവരൂ.