X

ഇനിയും ഞങ്ങള്‍ വിശ്വസിക്കണോ ഇവിടെ അസഹിഷ്ണുതയില്ലെന്ന്; രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്

ബംഗളൂരു: ഇനിയും രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണോ എന്ന് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. സഞ്ജയ്‌ലീല ബന്‍സാലി ചിത്രം പത്മാവതിക്കെതിരായ സംഘപരിവാര്‍ പോര്‍വിളികള്‍ക്കും സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ, രവി ജാദവിന്റെ ന്യൂഡ് എന്നീ ചിത്രങ്ങള്‍ക്കെതിരായ കേന്ദ്രസര്‍ക്കാറിന്റെ അസിഹ്ഷുണയ്‌ക്കെതിരെയുമാണ് രൂക്ഷ വിമര്‍ശനവുമായി പ്രാകശ് രാജ് രംഗത്തെത്തിയത്.

‘ഒരാള്‍ക്ക് മൂക്ക് ചെത്തണം, മറ്റൊരാള്‍ കാലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാള്‍ക്ക് നടനെ വെടി വെക്കണം, സംവിധാനങ്ങള്‍ക്ക് ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് പിന്‍വലിക്കണം. ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’ പ്രകാശ് രാജ് ചോദിക്കുന്നു.

 

ട്വീറ്റിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. നേരത്തേയും അസഹിഷ്ണുതയ്‌ക്കെതിരെ ഉപയോഗിച്ച ജസ്റ്റ് ആസ്‌കിംഗ് ഹാഷ് ടാഗുമായാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. നേരത്തെ ഗൗരി ലങ്കേഷിന്റെ കൊലപാതകം, താജമഹല്‍ വിവാദം, കമല്‍ഹാസന്‍ നേരെയുള്ള ഭീഷണി, പശുഭീകരത തുടങ്ങി നിരവധി വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത താരം സംഘ്പരിവാറിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

സഞ്ജയ് ലീലാ ബന്‍സാലിയുടെ ദീപിക പദുക്കോണ്‍ ടൈറ്റില്‍ റോളിലെത്തുന്ന പത്മാവതിയെ കര്‍ണി സേന വിടാതെ പിന്തുടരുകയാണ്. ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് പറഞ്ഞ കര്‍ണിസേന ലക്ഷമണ്‍ ശൂര്‍പ്പണകയോട് ചെയ്ത ശിക്ഷയാകും നല്‍കുക എന്നും പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരെ രജപുത്രര്‍ കൈ ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അതു ദീപികയുടെ നേര്‍ക്കായിരിക്കുമെന്ന് കര്‍ണി സേനയുടെ നേതാവ് ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു.  രാജ്പുത് സമുദായത്തെ അപമാനിക്കുന്നതാണ് ചിത്രമെന്ന ആരോപണവുമായാണ് കര്‍ണിസേന രംഗത്തെത്തിയത്.

അതേസമയം, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ ഇന്ത്യന്‍ പനോരമയില്‍ നിന്നും സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ, രവി ജാധവ് ഒരുക്കിയ ന്യൂഡ് എന്നീ ചിത്രങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സിസിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സെക്‌സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആഷിഖ് അബു, രാജീവ് രവി, ലിജോ പെല്ലിശ്ശേരി, ദീലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിങ്കല്‍, വി.കെ.ശ്രീരാമന്‍, സൗബിന്‍ സാഹിര്‍, വിധു വിന്‍സെന്റ്, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ബിജിപാല്‍, ഷാബാസ് അമന്‍, അജിത് കുമാര്‍ ബി, അന്‍വര്‍ അലി, ഇന്ദു വി.എസ്, കമല്‍ കെ, സൗമ്യ സദാനന്ദന്‍, ആഷ ജോസഫ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

chandrika: