X
    Categories: CultureMoreViews

ബി.ജെ.പി രാജ്യഭരണമേല്‍പിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ലെന്ന് പ്രകാശ് രാജ്

കാസര്‍കോട്: ബി.ജെ.പി രാജ്യഭരണമേല്‍പിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ലെന്ന് പ്രകാശ് രാജ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോട് തനിക്ക് വെറുപ്പില്ല. എന്നാല്‍ മതത്തിന്റെ പേരില്‍ കലഹങ്ങളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നത് രാജ്യത്തിന് ഭൂഷണമല്ല. അഴിമതിയെക്കാള്‍ അപകടമാണ് വര്‍ഗീയ രാഷ്ട്രീയം. എതുതരം ഫാസിസവും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയുടേയും മതത്തിന്റേയും ചിന്താഗതിയുടേയും നിലപാടിന്റേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്താമെന്നത് ജനാധിപത്യ സമൂഹത്തിന് ആശാസ്യകരമല്ല. ആരോഗ്യകരമായ സമൂഹത്തില്‍ ജനങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ടായിരിക്കണം. വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ അത് നിഷേധിക്കപ്പെടുകയാണ്. ആരെങ്കിലും ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ മറുപടിക്ക് പകരം അവര്‍ക്ക് നിറങ്ങള്‍ ചാര്‍ത്തിക്കൊടുക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മനസില്‍ പോലും വിഷം കുത്തിവെക്കപ്പെടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. സിനിമയുടേയും കലയുടേയും മൗലികമായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയാണ്. തങ്ങള്‍ക്ക് നേരെ ഉയരുന്ന കൈകള്‍ വെട്ടിയെറിയുകയാണ് ഫാസിസ്റ്റ് രീതി. ഒരു ചെടിയില്‍ നിന്ന് എത്ര പൂവുകള്‍ പറിച്ചാലും ശരത്കാലം വരാതിരിക്കില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: