ബെംഗളൂരു: ത്രിപുര തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമം നടത്തുന്ന ബിജെപിക്കെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. എന്ത് സന്ദേശമാണ് ബിജെപി അണികള്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിമ രാഷ്ട്രീയ അവസാനിപ്പിച്ച് തങ്ങളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയെ കുറിച്ച് സംസാരിക്കാന്‍ ബിജെപി തയ്യാറാവണമെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു. വികസമാണോ ഗുണ്ടായിസമാണോ തങ്ങളുടെ പ്രധാന അജണ്ടയെന്ന് ബിജെപി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ത്രിപുരയില്‍ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്തത്. ഇതിനെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍ അടക്കം പല ബിജെപി നേതാക്കളും രംഗത്ത് വന്നിരുന്നു. ഇനി അടുത്ത ലക്ഷ്യം തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമയാണെന്ന് ബിജെപി നേതാവ് എച്ച് രാജ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
അതിനിടെ ചൊവ്വാഴ്ച രാത്രി തമിഴിനാട്ടില്‍ പെരിയാറിന്റെ പ്രതിമ രണ്ടുപേര്‍ തകര്‍ത്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ ബിജെപി പ്രാദേശിക നേതാവും മറ്റൊരാള്‍ സിപിഐ പ്രവര്‍ത്തകനുമാണ്.