X

‘പുരസ്‌കാരം തിരിച്ചുനല്‍കാന്‍ ഞാന്‍ വിഡ്ഢിയല്ല, പക്ഷേ മോദിയുടെ മൗനം അസ്വസ്ഥനാക്കുന്നു’; നടന്‍ പ്രകാശ് രാജ്

തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. പുരസ്‌കാരം തിരിച്ചുനല്‍കാന്‍ താനൊരു വിഡ്ഢിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബാംഗളൂരുവില്‍ വനിതാ മാധ്യമപ്രവര്‍ത്തക വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകാശ് രാജ് ദേശീയപുരസ്‌കാരം തിരിച്ചുനല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

നടന്‍ പ്രകാശ് രാജ് പുരസ്‌കാരം തിരിച്ചുനല്‍കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ചാനലിലൂടെയാണ് അറിഞ്ഞതെന്ന് പ്രകാശ് രാജ് പറഞ്ഞു. അങ്ങനെ ചെയ്യാന്‍ താനൊരു വിഡ്ഢിയല്ല. എന്റെ അദ്ധ്വാനത്തിന് ലഭിച്ചതാണ് പുരസ്‌കാരം. അതില്‍ താനഭിമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകങ്ങള്‍ ചിലര്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ താന്‍ അസ്വസ്ഥതപ്പെടുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനം നിരാശപ്പെടുത്തുന്നു. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് അറിയില്ല. കേസ് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരു കൂട്ടര്‍ ഈ കൊലപാതകങ്ങളൊക്കെ ആഘോഷിക്കുന്നത് കാണുന്നുണ്ട്. ഇത് തന്നെ വേദനിപ്പിക്കുകയാണ്. കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കുന്നത് ഇതുവരേയും കാണാനായിട്ടില്ല. രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ മോദിയുടെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ മൗനം തന്നെ അസ്വസ്ഥനാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഭാഗമായല്ല താനിപ്പോള്‍ സംസാരിക്കുന്നതെന്നും ഒരു പൗരനെന്ന നിലയില്‍ മാത്രമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

ഗൗരിലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് മോദിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. ഇതിനുശേഷമായിരുന്നു പുരസ്‌കാരം തിരിച്ചുനല്‍കുന്നുവെന്ന രീതിയില്‍ പ്രചാരണമുണ്ടായത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

chandrika: