ഭരണഘടനയെ നശിപ്പിക്കുന്നതില്‍ നിന്ന് ബി.ജെ.പിയെ തടയാന്‍ രാജ്യത്തെ മുസ് ലിംകളും ദളിതുകളും ഒന്നിച്ചു നില്‍ക്കണമെന്ന് ബി.ആര്‍ അംബേദ്കറിന്റെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍.
‘2022 ഓടെ ലോക്‌സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം കൈവരിച്ച് ‘പുതിയ ഇന്ത്യ’ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അവര്‍. ഇത് തടയണമെങ്കില്‍ മുസ്‌ലിംകളും ദളിതുകളും പരസ്പരം കൈകോര്‍ക്കണം. തെരഞ്ഞെടുപ്പുകളില്‍ മാത്രം പോരാ, ഭരണഘടന നശിപ്പിക്കുന്നതില്‍ നിന്ന് ബി.ജെ.പിയെ തടണമെങ്കില്‍ ഈ ഐക്യം അനിവാര്യമാണ്.’ – പൂനെ ഉടമ്പടിയുടെ 85-ാം വാര്‍ഷികത്തില്‍ സംസാരിക്കവെ പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
എതിരാളികളെ മുഴുവന്‍ നിഷ്‌കാസനം ചെയ്യുക എന്ന ലക്ഷ്യത്തിനുള്ള ആര്‍.എസ്.എസ് – ബി.ജെ.പി ലബോറട്ടറി ആയിരുന്നു ഗുജറാത്ത്. അവരോട് മല്ലിടണമോ അവര്‍ക്കൊപ്പം പോകണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നമ്മളാണ്. ഭരണഘടനയും മനുവാദവുമാണ് നമുക്കു മുന്നിലുള്ള രണ്ട് വ്യത്യസ്ത കാര്യങ്ങള്‍. വരും തലമുറകളെ രക്ഷിക്കുന്നതിനായി ഭരണഘടന സംരക്ഷിക്കുക എന്നത് നമ്മുടെ ചുമതലയാണ്. – അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ അവസരം ലഭിച്ചാല്‍ ഭരണ പ്രക്രിയയിലും ഉദ്യോഗ തലത്തിലും ദളിതുകളുടെ പങ്കാളിത്തത്തിന് അറുതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.