മലപ്പുറം: ബ്രാഹ്മണ മേധാവിത്വത്തെ നേരിടാന്‍ ദലിതരും മുസ്ലിംകളും കൈകോര്‍ക്കണമെന്ന് നിയമജ്ഞനും രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് അംബേദ്കര്‍. അധികാര പങ്കാളിത്തത്തിനും സാമൂഹിക ഉയിര്‍പ്പിനും വേണ്ടി ദളിത്, മുസ്ലിം വിഭാഗങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നതിനെ പറ്റിയുള്ള ആലോചനകള്‍ സജീവമാക്കണമെന്നും ഹിന്ദുത്വ ഫാസിസത്തെ നേരിടുന്നതില്‍ ദളിതുകള്‍ക്ക് ഏറെ ചെയ്യാനുണ്ടെന്നും ‘പിറ്റ്‌സ’ മലപ്പുറത്ത് സംഘടിപ്പിച്ച ‘ദലിത് മുസ്ലിം സാഹോദര്യം; അതിജീവനം, സംസ്‌കാരം, രാഷ്ട്രീയം’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ദലിത് മുസ്ലിം ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുന്ന കാലത്ത് അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ കൂട്ടായ്മ ജനാധിപത്യത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
രാഷ്ട്രീയമായും സാംസ്‌കാരികമായും ഏറെ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ദലിത് മുസ്ലിം ഐക്യം എന്ന ആശയം ശക്തിയാര്‍ജിച്ചിരിക്കുന്നതെന്നും, വെല്ലുവിളികളെ ഒന്നിച്ചു നേരിടാന്‍ ഇരു വിഭാഗങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും പൂനെയിലെ കാര്‍വേ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. അഞ്ജലി മെയ്‌ദേവ് പറഞ്ഞു. മനുവാദി ജാതീയതയേയും അവരുടെ ആധിപത്യത്തെയും നേരിടാന്‍ ജാഗ്രതയും കഠിനധ്വാനവും ആവശ്യമാണ്. പുരുഷാധിപത്യ സമൂഹ വ്യവസ്ഥയില്‍ വനിതകളുടെ സമരങ്ങളും പ്രസ്ഥാനങ്ങളും അടിച്ചമര്‍ത്തപ്പെടുന്നു. ജാതീയതയും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതും ഇല്ലായ്മ ചെയ്യാനുദ്ദേശിച്ചുള്ള ഭരണഘടനാപരമായ നീക്കങ്ങളെ മനുവാദി ബ്രഹ്മണിസം സംഘടിതമായി ചെറുക്കുന്നു. അവര്‍ പറഞ്ഞു.
സംഘ് പരിവാര്‍ രാഷ്ട്രീയത്തെ നേരിടാന്‍ രാഷ്ട്രീയമായി മാത്രമല്ല, സാമൂഹികമായും ദലിതുകളും മുസ്ലിംകളും കരുത്താര്‍ജിക്കണമെന്ന് കെ.കെ കൊച്ച് പറഞ്ഞു.സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കുട്ടി അഹമ്മദ് കുട്ടി, ശ്രീരാഗ് പൊയ്കാടന്‍, ആഷിഖ് റസൂല്‍ സംസാരിച്ചു. പിറ്റ്‌സ സെമിനാര്‍ നാളെ സമാപിക്കും.