X

പ്രജ്വല്‍ രേവണ്ണയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാണം; കേന്ദ്രത്തിന് കത്തയച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ലൈംഗിക അതിക്രമകേസ് പ്രതി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പ്രജ്വല്‍ നിര്‍ബന്ധിതനാവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞ 27നാണ് പ്രജ്വല്‍ ജര്‍മനിയിലേക്ക് പോയത്. ലൈംഗിക അതിക്രമകേസ് അന്വേഷിക്കുന്ന എസ്.ഐ.ടി പ്രജ്വലിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് വിവരമില്ല. എസ്.ഐ.ടി ലുക്ക് ഔട്ട് നോട്ടീസും ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം മടങ്ങി വരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും പ്രജ്വല്‍ തിരിച്ചെത്തിയില്ല.

മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. ഇവരുടെ വീട്ടില്‍ജോലിക്കാരിയായിരുന്ന 47കാരിയാണ് ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്. വീട്ടുജോലിക്കാരായ സ്ത്രീകളെ പ്രജ്വലും രേവണ്ണയും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്‌തെന്നാണ് പരാതിയിലുളളത്. പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ച വേളയില്‍ വെളിപ്പെടുത്തുകയായിരുന്നു. പരാതിയില്‍ ഒരേ സ്ത്രീയെ നിരന്തരം ബലാത്സംഗം ചെയ്യല്‍, അതിക്രമം, പൊതുപ്രവര്‍ത്തകയോട് ലൈഗികവേഴ്ച ആവശ്യപ്പെടുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എസ്.ഐ.ടി കേസെടുത്തത്.

webdesk14: