X

ചട്ടങ്ങള്‍ പാലിച്ചില്ല; നായിഡു പണികഴിപ്പിച്ച എട്ടുകോടിയുടെ കെട്ടിടം പൊളിക്കാന്‍ ജഗന്റെ ഉത്തരവ്

അധികാരത്തിലായിരിക്കെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിര്‍മിച്ച പ്രജാവേദിക (പ്രത്യേക ഓഫീസ് കെട്ടിടം) പൊളിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് വിശദീകരിച്ചാണ് അധികാരത്തിലേറിയതിന് പിന്നാലെ ജഗന്റെ നിര്‍ണായക തീരുമാനം.

ടി.ഡി.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം ഉടന്‍ പൊളിച്ചുനീക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി യോഗങ്ങളുള്‍പ്പെടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതേ കെട്ടിടത്തില്‍ തന്നെ കളക്ടര്‍മാരുടെ യോഗം വിളിച്ചചേര്‍ത്താണ് ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടത്. ഈ കെട്ടിടത്തിലെ അവസാന യോഗമായിരിക്കും ഇതെന്ന് യോഗത്തില്‍ വെച്ച് ജഗന്‍ പ്രഖ്യാപിക്കുകയായിരുന്നു. നടപടി സ്വാഭാവികമാണെന്ന് പ്രതികരിച്ച ജഗന്‍, ഒരു സാധരണക്കാരന്‍ അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ചാല്‍ ഉദ്യോഗസ്ഥര്‍ അത് പൊളിച്ചുനീക്കുന്നതാണ് പതിവെന്നും ഈ സര്‍ക്കാര്‍ നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണെന്നും പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ടിഡിപിയുടെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക ഇത്തവണയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ജൂണ്‍ 5ന് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കത്തെഴുതിയിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ നായിഡുവിന്റെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ് വൈ.എസ്. ജഗന്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. നാളെയാണ് കെട്ടിടം പൊളിക്കാന്‍ തുടങ്ങുക.

അതേസമയം ജഗനും വൈഎസ്ആര്‍ കോണ്‍ഗ്രസും പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന്‌ ടിഡിപി കുറ്റപ്പെടുത്തി. കെട്ടിടം പൊളിച്ചു നീക്കാനുള്ള തീരുമാനത്തിനു പിന്നാലെ അവിടെയുണ്ടായിരുന്ന നിരവധി വസ്തുക്കള്‍ ബോധപൂര്‍വം നശിപ്പിച്ചുവെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കല വെങ്കിട്ട റാവു കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച നായിഡുവിന് വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തിയതും വിവാദമായിരുന്നു. വി.ഐ.പി പരിഗണന നിഷേധിക്കപ്പെട്ട നായിഡുവിനെ വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിലാണ് സാധാരണ യാത്രക്കാര്‍ക്കുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയത്. വിമാനത്തിലേക്ക് വി.ഐ.പികള്‍ക്കുള്ള വാഹനം ലഭ്യമാക്കാത്തതിനാല്‍ യാത്രക്കാര്‍ക്കുള്ള ബസില്‍ കയറിയാണ് നായിഡു എത്തിയത്. അംഗരക്ഷകരെ വിമാനം വരെ അനുഗമിക്കാന്‍ അനുവദിക്കാത്തതും വിവാദമായിരുന്നു. ബി.ജെ.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും എതിരാളികളെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് ടി.ഡി.പിയുടെ ആരോപണം.
ഹൈദരാബാദില്‍ നിന്ന് അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനു പിന്നാലെ കൃഷ്ണ നദീ തീരത്തുള്ള വസതിയിലാണ് നായിഡു താമസിച്ചിരുന്നത്. ഇവിടെ പണിത പ്രജാവേദിക ഔദ്യോഗിക കാര്യങ്ങള്‍ക്കായി നായിഡു ഉപയോഗപ്പെടുത്തുകയായിരുന്നു.

chandrika: