ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറിന്റെ പുതിയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡറില്‍ നിന്നിറങ്ങി റോവര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റോവറിലെ പേലോഡുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്ന് ശനിയാഴ്ച ഐഎസ്ആര്‍ഒ പറഞ്ഞിരുന്നു. റോവറിലുളള രണ്ടു പേലോഡുകള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു. റോവര്‍ എട്ട് മീറ്റര്‍ സഞ്ചരിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.
ലാന്‍ഡറില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എപിഎക്‌സ്എസ്), ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങള്‍ റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്‌സ്എസ് പരിശോധിക്കുക. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്‌സ് പഠിക്കും.