മുംബൈ: 2008-ലെ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും നിയുക്ത എം.പിയുമായ പ്രഗ്യസിങ് താക്കൂര്‍ മുംബൈ എന്‍.ഐ.എ കോടതിയില്‍ ഹാജരായി. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് പ്രഗ്യസിങ് താക്കൂര്‍ കോടതിയില്‍ ഹാജരാവുന്നത്. ഈ ആഴ്ച്ചത്തെ വിചാരണക്ക് ഹാജാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രഗ്യസിങ് എന്‍.ഐ.എക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. പാര്‍ലമെന്റില്‍ എത്തണമെന്നുള്ളത് കൊണ്ട് ഹാജരാവാന്‍ കഴിയില്ലെന്നായിരുന്നു പ്രഗ്യസിങ്ങിന്റെ വാദം.
അതേസമയം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രഗ്യസിങ്ങിന് കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് കോടതിയില്‍ അറിയിച്ചിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രഗ്യാസിങ്ങിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ കോടതി നിര്‍ബന്ധമായും ഹാജരാവണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആഴ്ച്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്ന് എന്‍.ഐ.എ കോടതിയുടെ നിര്‍ദ്ദേശമുണ്ട്. പ്രത്യേക കോടതി ജഡ്ജി വി.എസ് പദാല്‍ക്കറാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ലഫ്.കേണല്‍ പ്രസാദ് പുരോഹിതിനേയും സുധാകര്‍ ചതുര്‍വേദിയേയും ഒരാഴ്ച്ചത്തേക്ക് കോടതി ഒഴിവാക്കിയിരുന്നു. കേസിലിപ്പോള്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് കോടതി. 2008-ല്‍ മാലേഗാവില്‍ പള്ളിക്കുസമീപമുണ്ടായ ബോംബുസ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് മത്സരിച്ചാണ് പ്രഗ്യസിങ് താക്കൂര്‍ ലോക്‌സഭയിലെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിനെ പ്രഗ്യസിങ് പരാജയപ്പെടുത്തുകയായിരുന്നു.