ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എതിരാളികള്‍ അതിമാനുഷ ശക്തികളെ കൂട്ടുപിടിക്കുന്നതായി വിവാദ ബി.ജെ.പി നേതാവ് പ്രഗ്യാസിങ് ഠാക്കൂര്‍. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ മരണത്തിനു കാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദമാണെന്നാണ് പ്രഗ്യയുടെ ആരോപണം. അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, ബാബുലാല്‍ ഗൗര്‍ തുടങ്ങിയവരുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി എം.പിയുടെ വിവാദ പ്രസ്താവന.
ഇത് മോശം സമയമാണെന്നും ബി.ജെ.പിക്കെതിരെ പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാകുന്നതിനിടെ തന്നോട് ഒരു സന്യാസി മഹാരാജ് പറഞ്ഞിരുന്നു. ഒരോരുത്തരായി മുതിര്‍ന്ന നേതാക്കള്‍ വിട്ടുപോകുമ്പോള്‍ മഹാരാജ് ജിയാണ് ശരിയെന്ന് വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുകയാണെന്നാണ് പ്രഗ്യാസിംഗ് പറഞ്ഞത്. അരുണ്‍ ജയ്റ്റ്‌ലി അനുശോചന ചടങ്ങില്‍ വെച്ചായിരുന്നു പ്രഗ്യാസിങിന്റെ വിചിത്ര പരാമര്‍ശം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാന്‍ പ്രഗ്യാ സിങ് തയ്യാറായില്ല.
നിരവധി ഹിന്ദുത്വ ഭീകരാക്രമണ കേസുകളില്‍ കുറ്റാരോപിതയാണ് പ്രഗ്യാ സിംഗ് താക്കൂര്‍. മാലെഗാവ് സ്‌ഫോടനക്കേസില്‍ അന്വേഷണം നേരിടുന്ന പ്രഗ്യാ സിങ് ഭോപ്പാലില്‍ നിന്നാണ് ലോക്‌സഭയിലെത്തിയത്. ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ചത് വിവാദമായിരുന്നു. തന്റെ ശാപം മൂലമാണ് മുംബൈ ഭീകരാക്രമണത്തില്‍ മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടതെന്നും പ്രഗ്യാസിങ് പറഞ്ഞിരുന്നു.