മുംബൈ: കോടതിയില്‍ അഭിഭാഷകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയും ഭോപ്പാലില്‍ നിന്നുള്ള എം.പിയുമായ പ്രഗ്യ സിങ്. കോടതി മുറിക്കകത്ത് ഇരിക്കാന്‍ വൃത്തിയുള്ള കസേര ആവശ്യപ്പെട്ടാണ് അഭിഭാഷകരോട് തട്ടിക്കയറിയത്. കുറ്റാരോപിതര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്ന രീതിയില്ലെന്ന് അഭിഭാഷകനും മറുപടി നല്‍കി. മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍.
പൊടിപിടിച്ച് വൃത്തിയില്ലാതെ വീഴാറായ കസേരയാണോ എം.പിയായ എനിക്ക് നിങ്ങള്‍ തന്നത് എന്നാണ് പ്രഗ്യ ആക്രോശിച്ചത്. ജഡ്ജിയോടും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ കുറ്റാരോപിതര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാറില്ലെന്ന് എന്‍.ഐ.എ അഭിഭാഷകനും പ്രതികരിച്ചു.
മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കുറ്റവാളിയാണ് പ്രഗ്യ സിങ്. കേസിന്റെ നടപടിക്രമങ്ങള്‍ക്കു വേണ്ടി മുമ്പ് രണ്ട് തവണ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇനിയും ഹാജരായില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരായത്. കോടതി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ലെന്നാണ് പ്രഗ്യ മറുപടി നല്‍കിയത്.