ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന് ലക്ഷദ്വീപിലേക്കുള്ള യാത്രയുടെ ചെലവു സംബന്ധിച്ച വിവരം പുറത്ത്. ഒറ്റത്തവണ യാത്രക്കായി 23 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. കഴിഞ്ഞ ആറു മാസങ്ങളിലായി നാല് തവണ അദ്ദേഹം ദ്വീപിലേക്ക് പോയിട്ടുണ്ട്.
ഡോര്‍ണിയന്‍ വിമാനം ചാര്‍ട്ട് ചെയ്താണ് പ്രഫുല്‍ പട്ടേല്‍ യാത്രകള്‍ നടത്തുന്നത്. ദാമന്‍ ദിയൂവിലെ കൂടി അഡ്മിനിസ്‌ട്രേറ്ററായ അദ്ദേഹം അവിടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ മാത്രം ചെലവഴിച്ചത് 17.5 കോടിയാണ്. 400 കോടിയുടെ നിര്‍മാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കിയെന്ന പരാതിയും അദ്ദേഹത്തിനെതിരെയുണ്ട്. ദാമന്‍ ദിയുവില്‍ അദ്ദേഹം നടത്തിയ അഴിമതികള്‍ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ തുടര്‍ച്ചയായ സമരപരിപാടികള്‍ ഒരുക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. ഭരണ പരിഷ്‌കാരങ്ങള്‍ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെ അടക്കം ഉള്‍ക്കൊള്ളിച്ചാകും സമരം.അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ തുടരുന്ന ദിവസം മുഴുവന്‍ സമരപരമ്പരകള്‍ തീര്‍ക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം തീരുമാനം.