X

രൂക്ഷവിമര്‍ശനവുമായ് പഴയ വി എസ് പക്ഷ നേതാക്കള്‍ ‘എ പ്രദീപ്കുമാര്‍ ഇന്ന് ഉണ്ണുന്ന ഓരോ ഉരുളയിലും ടി പിയുടെ ചോരയുണ്ടായിരുന്നു’


കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായ് പഴയ സഹപ്രവര്‍ത്തകര്‍. വി എസ് പക്ഷക്കാരനായി നിന്ന കാലത്ത് പ്രദീപ്കുമാര്‍ സ്വീകരിച്ച നിലപാടും പിന്നീട് കൂടെ നിന്ന ടി പി ചന്ദ്രശേഖരന്റെ ഓര്‍മ്മകളെപ്പോലും ഒറ്റുകൊടുത്തതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. പ്രദീപ് കുമാറിന്റെ നിശബ്ദത കേരളം കണ്ട പ്രധാന സന്ദര്‍ഭം ടി പി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോളായിരുന്നുവെന്ന് മുന്‍കാല സഹപ്രവര്‍ത്തകനായ കെ പി പ്രകാശന്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ”ചന്ദ്രശേഖരന്‍, പ്രദീപിന് ആരായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നോ ആവോ? തന്റെ കൂടപ്പിറപ്പിനെ എന്ന പോലെയോ സമരസഖാവിനെ എന്നവണ്ണമോ ഉളള ഒരു കരുതല്‍ ടി പിക്ക് പ്രദീപിനോട് എന്നുമുണ്ടായിരുന്നു. പ്രദീപിനോ? ടി പിയും അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമയും എസ് എഫ് ഐയുടെ ജില്ലാ-സംസ്ഥാന കമ്മറ്റികളില്‍ പ്രദീപിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിച്ചവരായിരുന്നിട്ടു കൂടി 2012 മെയ് നാലിന് ശേഷം ഒഞ്ചിയത്തെ വീട്ടില്‍ കാലു കുത്താനോ, ഫോണിലൂടെയെങ്കിലും രമയോട് ഒരാശ്വാസ വാക്ക് ഉച്ചരിക്കാനോ കഴിയാതെ പോയ ‘ഉദാരമനസ് ‘ എവ്വിധമുള്ളതായിരിക്കും? സ്തുതിപാഠകര്‍ നിര്‍മ്മിച്ചവതരിപ്പിക്കുന്ന വീര- കരുണ രസങ്ങള്‍ക്ക് പ്രാമുഖ്യമുള്ള കഥകളിലും പാട്ടുകളിലും ജ്വലിച്ചു നില്‍ക്കുന്ന അവതാരമൂര്‍ത്തിക്ക് ഹൃദയമോ നീതിബോധമോ മര്യാദപോലുമോ ഉണ്ടായിരുന്നില്ല ഒരുകാലത്തുമെന്ന് ആരറിയും? എം ടിയുടെ ഒരു കഥാസന്ദര്‍ഭമുപയോഗിച്ച് പറഞ്ഞാല്‍ ‘സേതുവിന് സ്‌നേഹം സേതുവിനോടു മാത്രം” -പ്രകാശന്‍ അഭിപ്രായപ്പെടുന്നു.
2012 മെയ് നാലിന് ശേഷം പ്രദീപ് കുമാറിനെ തേടിയെത്തിയ എല്ലാ നേട്ടങ്ങളിലും ടി പിയുടെ ചോരക്കറപിടിച്ചിരിക്കുന്നുണ്ട് . എന്തിന്, പ്രദീപ് ഉണ്ണുന്ന ഓരോ ഉരുളയിലും ടി പിയുടെ ചോരയുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് കുറ്റിപ്പുറം ഡിവിഷനില്‍ ജീവനക്കാരനായിരുന്ന കെ പി മനോജ് കുമാറിനെ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായ് സസ്‌പെന്റ് ചെയ്ത സംഭവം ചൂണ്ടാക്കാട്ടിയാണ് മറ്റൊരു വിമര്‍ശനം.
വടകര എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിന്റെ പേരിലാണ് സസ്‌പെഷന്‍. പ്രദീപ്കുമാര്‍ എസ് എഫ് ഐ, ഡി വൈ എഫ് ഐ സംഘടനകളുടെ ജില്ല സെക്രട്ടറിയായിരുന്നപ്പോള്‍ മനോജും ജില്ലാ നേതൃത്വത്തിലുണ്ടായിരുന്നു. പഴയ സി എച്ച് കണാരന്‍ മന്ദിരത്തിലെ പൊടിപിടിച്ച മുറികളില്‍ ഒരേ പായയില്‍ ഉറങ്ങി ഉണര്‍ന്നവരായിരുന്നു അവര്‍. പക്ഷെ, ഭരണകൂടം മനോജിനോട് ചെയ്ത നെറികേടിനെപ്പറ്റി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രദീപ്കുമാര്‍ പ്രതികരിച്ചിട്ടില്ല. പ്രദീപിന്റെ ഉദാരമനസിനെപ്പറ്റിയും ഉയര്‍ന്ന മാനവികതയെ കുറിച്ചും സൗഹൃദ കൂട്ടായ്മയുണ്ടാക്കി വാഴ്ത്തുപാട്ടുകള്‍ ആലപിച്ചവരുണ്ടായിരുന്നു. കൂട്ടരെ, തന്റെ സഖാവായിരുന്ന ഒരാള്‍ തികഞ്ഞ അനീതിക്ക് വിധേയമായപ്പോള്‍ മൗനം കൊണ്ട് തന്റെ പദവികള്‍ക്ക് കാവല്‍ നിന്ന ഒരാളെ നാം എന്താണ് വിളിക്കുകയെന്ന് കെ പി പ്രകാശന്‍ ചോദിക്കുന്നു.

web desk 1: