X

എന്നും വിവാദങ്ങളുടെ തോഴന്‍ -പ്രഭാകര്‍ദാസ്‌

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കിയ വേളയിലാണ് മന്ത്രി സജി ചെറിയാന്‍ രാജിവെച്ചിരിക്കുന്നത്. ഫിഷറീസ് സാംസ്‌കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു മുതിര്‍ന്ന സി.പി.എം നേതാവ് കൂടിയായ സജി ചെറിയാന്‍. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു.

2018ലെ പ്രളയസമയത്ത് കേട്ട സഹായാഭ്യര്‍ഥനകളില്‍ ഒന്ന് സജിചെറിയാന്റേതായിരുന്നു. സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ചര്‍ച്ചയിലേക്കാണ് ഈ അഭ്യര്‍ഥന കൊണ്ടെത്തിച്ചത്. പ്രളയ കാലത്തെ വിമര്‍ശനം കഴിഞ്ഞ് രണ്ടാം പിണറായി സര്‍ക്കാറില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയെന്ന കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവിയില്‍ എത്തിയിട്ടും പല തവണ വിവാദത്തിന്റെ വഴിയെ സഞ്ചരിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാനെതിരെ വിവാദമുയര്‍ന്നിരുന്നു. സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്നും എവിടന്നു കിട്ടി ഈ സാധനത്തിനെയെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.

സില്‍വര്‍ലൈന്‍ ബഫര്‍ സോണ്‍ വിഷയത്തിലായിരുന്നു മറ്റൊരു വിവാദം. കെ റെയില്‍ പാതക്കിരുവശവും ഒരു മീറ്റര്‍ പോലും ബഫര്‍ സോണില്ലെന്നും താന്‍ ഡി.പി.ആര്‍ മുഴുവനും വായിച്ചെന്നുമായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. പിന്നീട് ഈ പരാമര്‍ശം തിരുത്തേണ്ടിവന്നു. തനിക്കു താല്‍പര്യമുള്ളവര്‍ക്കുവേണ്ടി സജി ചെറിയാന്‍ ഇടപെട്ട് സില്‍വര്‍ലൈന്‍ അലൈന്റ്‌മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചതും ഇതേ കാലത്തായിരുന്നു. ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു ഡബ്ലിയുസിക്കെതിരെ നടത്തിയ പരാമര്‍ശവും വിവാദമായി. താനറിയാതെ ദത്തു നല്‍കിയ കുഞ്ഞിനുവേണ്ടി നിയമ പോരാട്ടം നടത്തിയ അനുപമക്കെതിരായ പരാമര്‍ശത്തിലും വിമര്‍ശനം നേരിട്ടു.
എന്നാല്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് വഴിതെളിയിച്ചത് കേവലമൊരു വിവാദം മാത്രമായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവെച്ചത് വെറും ‘കുന്തവും കൊടച്ചക്രവും’ ആണെന്ന് ആക്ഷേപിക്കുന്ന സജി ചെറിയാന്‍ ആ വാക്കുകളിലൂടെ പ്രഖ്യാപിക്കുന്നത് ഭരണഘടനയോട് വിധേയത്വമില്ലെന്നും വെറും പുച്ഛം മാത്രമേ ഉള്ളൂ എന്നാണ്. പ്രസംഗത്തിലൂടെ അവഹേളിച്ചത് ഭരണഘടനയെ മാത്രമല്ല, ഭരണഘടനാനിര്‍മാതാക്കളേയും ദേശീയ പ്രസ്ഥാന നായകരേയും കൂടിയാണ്. അദ്ദേഹം പറഞ്ഞതെല്ലാം അധാര്‍മികവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. എം.എല്‍.എ സ്ഥാനം കൂടി രാജിവെച്ചു കൊണ്ടു മാത്രമെ ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കാന്‍ പോലും അവകാശമുള്ളൂ. അവഹേളിച്ച അതേ ഭരണഘടനയാണ് താങ്കളെ ജനപ്രതിനിധിയും മന്ത്രിയുമാക്കാനുള്ള സാഹചര്യമൊരുക്കിയത്. ഭരണഘടനാപ്രകാരമുള്ള അധികാരമാണ് താങ്കളില്‍ നിക്ഷിപ്തമായിരിക്കുന്നത്. ‘ഭരണഘടന എത്ര തന്നെ നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവര്‍ നല്ലവരല്ലെങ്കില്‍ അത് ചീത്തയായി മാറും’ എന്ന് അംബേദ്കര്‍ മുമ്പേ പറഞ്ഞുവെച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ ആ സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതെങ്കിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ ഓര്‍ക്കണമായിരുന്നു.

ഇന്ത്യ എന്ന ആധുനിക ദേശരാഷ്ട്രത്തിന്റെ ആധാരശിലയാണ് ഇന്ത്യന്‍ ഭരണഘടന. ഓരോ ഇന്ത്യന്‍ പൗരനും പൂര്‍ണവിധേയത്വം കാണിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും ലോകത്തിന്റെ വിഭിന്ന ഭാഗങ്ങളിലും പ്രതിഫലിച്ചിരുന്ന ഉദാത്തവും മാനവികവുമായ സാമൂഹ്യ രാഷ്ട്രീയമൂല്യങ്ങള്‍ ഏറ്റവും മനോഹരമായി സന്നിവേശിപ്പിച്ചുകൊണ്ടാണ്, 165 ദിവസം ചര്‍ച്ച ചെയ്ത്, ഇന്ത്യക്ക് വേണ്ടി ഭരണഘടനാനിര്‍മാണ സഭ ആ അടിസ്ഥാനവ്യാകരണം ഉണ്ടാക്കിയത്. എല്ലാ പരിമിതികള്‍ക്കും അപ്പുറം ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തെ ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്നതും ഭരണഘടനയാണ്.

Chandrika Web: