പി.ആര്‍ വര്‍ക്കും വായ്ത്താരിയും കൊണ്ട് കാര്യമില്ല, സ്വന്തം വകുപ്പില്‍ എന്താണ് നടക്കുന്നതെന്ന് മന്ത്രി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.പത്രസമ്മേളനത്തിനിടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ‘വസ്തുതാപരം’ എന്ന വാക്ക് പതിനഞ്ച് തവണ ഉപയോഗിച്ചെങ്കിലും അദ്ദേഹം പറഞ്ഞ കാര്യങ്ങളൊന്നും വസ്തുതാപരമല്ല. ഈ വര്‍ഷം പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ നടന്നിട്ടില്ലെന്ന ആക്ഷേപത്തിന്, 322 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. പണം അനുവദിച്ചില്ലെന്നല്ല, പ്രീ മണ്‍സൂണ്‍ വര്‍ക്ക് സംസ്ഥാനത്ത് ഒരിടത്തും നടന്നിട്ടില്ലെന്ന ആക്ഷപമാണ് ഉന്നയിച്ചത്. അറ്റകുറ്റപ്പണി ആരാണ് നടത്തേണ്ടതെന്നത് സംബന്ധിച്ച് പി.ഡബ്ല്യു.ഡിയിലെ റോഡ്, മെയിന്റനന്‍സ് വിഭഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടക്കുകയാണ്. തര്‍ക്കം പരിഹരിച്ചപ്പോഴേക്ക് ടെന്‍ഡര്‍ നല്‍കുന്നത് വൈകി. ഈ മാസം അഞ്ചിനാണ് 322 കോടിയുടെ പ്രീ മണ്‍സൂണില്‍ ഉള്‍പ്പെടുന്ന പുനലൂരിലെ ഒരു വര്‍ക്ക് ടെന്‍ഡര്‍ ചെയ്തത്. ഇതിന്റെ നടപടിക്രമങ്ങള്‍ എല്ലാം കഴിയുമ്പോഴേക്കും മണ്‍സൂണ്‍ കഴിയും. അപ്പോള്‍ ഇത് പ്രീ മണ്‍സൂണ്‍ വര്‍ക്കെന്ന് പറയുന്നത് മഴ കഴിഞ്ഞിട്ട് നടത്തുന്ന വര്‍ക്കാണോ എന്നാണ് മന്ത്രി വ്യക്തമാക്കേണ്ടത്. നിരവധി പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.ഡബ്ല്യു.ഡിയില്‍ മെയിന്റനെന്‍സ് വിഭാഗം പുതുതായി രൂപീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചെന്നാണ് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. 2017-18 കാലഘട്ടത്തിലാണ് മെയിന്റനെന്‍സ് വിഭാഗം രൂപീകരിച്ചതെങ്കിലും അത് പ്രവര്‍ത്തിച്ച് തുടങ്ങിയത് 2021 ലാണ്. എറണാകുളത്ത് മെയിന്റനെന്‍സ് വിഭാഗം ആദ്യമായി ടെന്‍ഡര്‍ ചെയ്യുന്നത് 2021 നവംബറിലും തിരുവനന്തപുരത്ത് ഒക്ടോബറിലും കോഴിക്കോട് സെപ്തംബറിലുമാണ്. പണ്ട് ഉണ്ടാക്കിയതാണെങ്കിലും മെയിന്റനന്‍സ് വിഭാഗം പ്രവര്‍ത്തിച്ച് തുടങ്ങിയത് ഇദ്ദേഹം മന്ത്രിയായതിന് ശേഷമാണ്. ഇതേത്തുടര്‍ന്നുണ്ടായ പി.ഡബ്ല്യു.ഡിയിലെ ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രീ മണ്‍സൂണ്‍ വര്‍ക്ക് വൈകാന്‍ കാരണം. ഫണ്ട് അനുവദിച്ചില്ലെന്നല്ല വര്‍ക്ക് നടന്നില്ലെന്നതാണ് ചൂണ്ടിക്കാട്ടിയത്. മഴ പെയ്യുമ്പോഴല്ല കുഴി അടയ്ക്കേണ്ടത്. ഇപ്പോഴും പ്രീ മണ്‍സൂണ്‍ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നും കെടുകാര്യസ്ഥത ഉണ്ടായെന്ന് പറഞ്ഞത് അദ്ദേഹം പറഞ്ഞു.
2020-ല്‍ കുറെ വര്‍ക്കുകള്‍ നാഷണല്‍ ഹൈവെ അതോറിട്ടിക്ക് കൈമാറി. അതോറിട്ടിക്ക് കൈമാറിയ വര്‍ക്കുകളില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു കാര്യവും ഇല്ല. എന്നാല്‍ കൈമാറാത്ത വര്‍ക്കുകള്‍ നാഷണല്‍ ഹൈവെ വിഭാഗത്തിന് കീഴിലാണ്. ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള വര്‍ക്കുകള്‍ 2020 -ല്‍ നാഷണല്‍ ഹൈവെ അതോറിട്ടിക്ക് കൈമാറിയതാണെന്ന് മന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ 2021-ല്‍ പി.ഡബ്ല്യു.ഡി ആലപ്പുഴ എന്‍.എച്ച് ഡിവിഷന്‍ ഹരിപ്പാട് മാധവ ജംഗ്ഷന്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള റോഡ് ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. ഹൈവെ അതോറിട്ടിക്ക് കൈമാറിയെങ്കില്‍ അതിന് ശേഷം പി.ഡബ്ല്യു.ഡി എന്‍.എച്ച് വിഭാഗം എന്തിനാണ് ഈ റോഡ് ടെന്‍ഡര്‍ ചെയ്തത്? ബോഡിമെട്ട്- കൊച്ചി എന്‍.എച്ച് 85 എന്‍.എച്ച്.എ.ഐക്ക് കൈമാറിയെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. എന്നാല്‍ 3-8-2022 ന് എന്‍.എച്ച് മുവാറ്റുപുഴ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഈ റോഡ് ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. നാഷണല്‍ ഹൈവെ അതോറിട്ടിക്ക് കൈമാറിയ റോഡുകളിലും പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ പി.ഡബ്ല്യു.ഡിക്ക് കീഴിലുള്ള എന്‍.എച്ച് ഡിവിഷന്‍ ചെയ്യുന്നുണ്ട്. അപ്പോള്‍ നാഷണല്‍ ഹൈവെ അതോറിട്ടിക്ക് കൈമാറിയ റോഡുകളില്‍ തൊടാന്‍ പറ്റില്ലെന്ന് മന്ത്രി പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? എന്‍.എച്ച്.എ.ഐക്ക് കൈമാറിയ വര്‍ക്കുകളിലും പി.ഡബ്ല്യു.ഡി മെയിന്റനന്‍സ് വര്‍ക്ക് നടത്തിയിട്ടുണ്ട്. ഈ മെയിന്റനന്‍സിന് ഒരു വര്‍ഷത്തെ ഗ്യാരന്റി പീരിഡ് കൂടിയുണ്ട്. ആ ഗ്യാരന്റി പീരിഡും പി.ഡബ്ല്യു.ഡി തന്നെ നോക്കേണ്ടി വരും. മന്ത്രി പറയുന്നതിലൊന്നും യാതൊരു യുക്തിയുമില്ല. അവാസ്തവമായ കാര്യങ്ങളാണ് പറയുന്നത്. പ്രീ മണ്‍സൂണിന് പണം മാത്രമെ അനുവദിച്ചുള്ളൂ. സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മഴയ്ക്ക് മുന്‍പ് അറ്റകുറ്റപ്പണി നടത്താത്തതു കൊണ്ടാണ് പി.ഡബ്ല്യു.ഡി റോഡിലും ദേശീയ പാതയിലും ഉണ്ടായത്. ദേശീയപാതിയിലെ കുഴികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടി ഉത്തരവാദിയാണ്. അതുകൊണ്ടാണ് ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹം പറഞ്ഞു
പി.ഡബ്ല്യു.ഡിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാതൃകാപരമാണെന്നാണ് മന്ത്രി പറയുന്നത്. ഒരുകാലത്തും ഇല്ലാത്തതരത്തില്‍ റോഡ് നിര്‍മ്മാണവും അറ്റകുറ്റപ്പണികളും വൈകുകയാണ്. എന്താണ് തന്റെ വകുപ്പില്‍ നടക്കുന്നതെന്ന് മന്ത്രി അറിയണം. അതിന് പകരം മാതൃകാപരമായ കാര്യങ്ങളാണ് പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നതെന്ന് മന്ത്രി സ്വയം പറഞ്ഞിട്ട് കാര്യമില്ല. വായ്ത്താരിയും പി.ആര്‍ വര്‍ക്കും മാത്രമല്ല വേണ്ടത്, കൃത്യമായി വര്‍ക്കുകള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് വേണ്ടത്. പൊതുനിരത്തിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായത്. ഈ മരണത്തിന് മുന്‍പും റോഡിലെ കുഴികള്‍ സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതാണ്. മഴ തുടങ്ങിയാല്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്ന് അന്നേ മുന്നറിയിപ്പ് നല്‍കിയതാണ്. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി തിരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. മരണത്തെ രാഷ്ട്രീയവത്ക്കരിച്ചെന്ന മന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. മഴയ്ക്ക് മുന്‍പ് കുഴികള്‍ നികത്തണമെന്നാണ് ആവശ്യപ്പെട്ടത്. അത് ചെയ്തില്ല. അതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. നഷ്ടം വന്ന കരാറുകാരുടെ വാക്ക് കേട്ടിട്ടാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നതാണ് മന്ത്രിയുടെ മറ്റൊരു ആക്ഷേപം. കരാറുകാരോടും ഉദ്യോഗസ്ഥരോടുമൊക്കെ ഞങ്ങള്‍ സംസാരിക്കും. പിന്നെ ചുറ്റുപാടും നോക്കും. ജനങ്ങള്‍ പരാതി പറയുമ്പോള്‍ ഉദ്യോഗസ്ഥരുമായും കരാറുകാരുമായുമൊക്കെ സംസാരിക്കും. കരാറുകാര്‍ നാടിന്റെ പൊതുശത്രുക്കളൊന്നുമല്ല അദ്ദേഹം പറഞ്ഞു.
പരിചയക്കുറവ് ഉള്ളതുകൊണ്ടാണ് മന്ത്രി അബദ്ധങ്ങള്‍ കാണിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള കുഴികളാണ് ഇത്തവണ ഉണ്ടായത്. ഇത് പൊതുമരാമത്ത് മന്ത്രി മാത്രം കാണുന്നില്ല. മാതൃകാപരമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും അഭിനന്ദിക്കണമെന്നുമാണ് മന്ത്രി പറയുന്നത്. ജി സുധാകരന്‍ മന്ത്രിയായിരുന്ന കാലത്ത് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മന്ത്രി പഴയ പൊതുമരാമത്ത് മന്ത്രിയില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കണം. സമാന്യം ഭംഗിയായി കാര്യങ്ങള്‍ ചെയ്ത മന്ത്രിയായിരുന്നു ജി സുധാകരന്‍. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടല്ല ജി സുധാകരന്‍ പ്രവര്‍ത്തിച്ചിരുന്നത്. പഴയ ആളുകളോട് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ ഇപ്പോഴത്തെ മന്ത്രി ശ്രമിക്കണം അദ്ദേഹം ചൂണ്ടിക്കാട്ടി.