ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് ഉള്‍പ്പെട്ട പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതിയായ അഞ്ജലി വടക്കേപ്പുര. സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. തന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അഞ്ജലി പറഞ്ഞു.
അതേസമയം മോഡലുകളുടെ മരണത്തിലൂടെ വിവാദത്തിലായ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി വയലാറ്റുള്‍പെടെ പോക്‌സോ കേസില്‍ പെട്ട മൂന്നുപേര്‍ക്കെതിരെ കോഴിക്കോടുകാരിയായ മറ്റൊരു യുവതിയും രംഗത്തും. റോയിയെ കൂടാതെ സൈജു തങ്കച്ചന്‍, കോഴിക്കോടുകാരിയായ അഞ്ജലി എന്നിവര്‍ക്കെതിരേയുമാണ് പരാതിയുമായി യുവതി രംഗത്തുവന്നത്.
താനടക്കം ആറ് പേരെ കൊച്ചിയില്‍ കൊണ്ടുവന്ന് പീഡിപ്പിക്കാനായിരുന്നു ശ്രമമെന്ന് യുവതി പറയുന്നു. അഞ്ജലിയുടെ ബിസിനസ് സ്ഥാപനം വഴിയാണ് കൊച്ചിയിലേക്ക് വന്നത്. ഈ സ്ഥാപനത്തില്‍ എന്തു ബിസിനസാണ് നടന്നിരുന്നതെന്ന് അറിയില്ല. ഫോര്‍ട്ട് കൊച്ച് നമ്പര്‍ 18 ലെ റിസപ്ഷനില്‍ ആണ് ആദ്യം ചെന്നത്. അകത്തേക്ക് വിളിച്ചപ്പോള്‍ അവിടെ സീരിയല്‍ നടന്‍മാരെയൂം നടിമാരെയൂം കുറച്ച് പെണ്‍കുട്ടികളെയും മറ്റും കണ്ടു. താനൊരു യൂ ട്യൂബറായതുകൊണ്ട് അവര്‍ക്കൊപ്പം വീഡിയോ എടുത്തു. എന്നാല്‍, അത് അവര്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു.
തുടര്‍ന്ന് അഞ്ജലി കൊക്കോകോള കുടിക്കാന്‍ കൊണ്ടുവന്നു. പക്ഷേ, കുടിച്ചില്ല. പിന്നാലെ നടന്നു നിര്‍ബന്ധിച്ചെങ്കിലും കോള കുടിച്ചില്ല. പാര്‍ട്ടിയില്‍ ആട്ടവും പാട്ടും തുടങ്ങിയപ്പോള്‍ ഡാന്‍സ് കളിക്കാന്‍ തങ്ങളെ നിര്‍ബന്ധിച്ചു. പക്ഷേ, ഡാന്‍സിനു പോയില്ല. കോള കുടിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് അവിടെ നിന്ന് പോരാന്‍ കഴിയുമായിരുന്നില്ല. നിരോധിച്ച ലഹരിമരുന്നുകളാണ് അവിടെ വന്നവര്‍ക്ക് കൊടുത്തിരുന്നത്. തികഞ്ഞ ആഭാസത്തരമായിരുന്നു അവിടെ അരങ്ങേറിയത്. അത് കണ്ട് തങ്ങള്‍ ഭയന്നുപോയി. അവിടെ നിന്ന് രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ തങ്ങളും അതില്‍ ഇരയാകുമായിരുന്നു. അവിടെ വന്നവരില്‍ പലരും പിന്നീട് നിശബ്ദരാക്കപ്പെടുകയായിരുന്നുവെന്നു തോന്നുന്നു. അതാണ് ആരും പരാതിയുമായി രംഗത്തുവരാതിരുന്നത്. രക്ഷപ്പെട്ടതുകൊണ്ടാണ് പരാതി നല്‍കാന്‍ തനിക്കു കഴിഞ്ഞതെന്നും യുവതി പറഞ്ഞു. അഞ്ജലി ലഹരിമരുന്ന് നല്‍കിയാണ് പല പെണ്‍കുട്ടികളേയും കുടുക്കിയത്. മോഡലുകള്‍ അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടരാന്‍ സൈജു ഉപയോഗിച്ച ഔഡി കാറാണ് തന്നെയും മകളെയും ഹോട്ടലിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ചതെന്ന് പരാതിയില്‍ പറയുന്നു.