X

പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഫോണ്‍; ഫ്രീയായി നല്‍കി ആമസോണ്‍

പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മൊബൈല്‍ഫോണ്‍. ആമസോണില്‍ വിളിച്ച് പാഴ്‌സല്‍ മാറി വന്ന യുവാവിന് ലഭിച്ചത് അഭിനന്ദനമായിരുന്നു. ഒപ്പം ഫോണ്‍ എടുത്തോളാനുള്ള മറുപടിയും. മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിനാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്.

ആയിരത്തി നാന്നൂറ് രൂപയുടെ പവര്‍ ബാങ്കാണ് നാഷിദ് ബുക്ക് ചെയ്തത്. പക്ഷേ ലഭിച്ചത് എണ്ണായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍. സഹോദരി നാസ്മിന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത് നാഷിദിന്റെ ഫോണ്‍ ഉപയോഗിച്ചാണ്. ഫോണില്‍ ചാര്‍ജ് കുറയുന്ന പ്രശ്‌നം നേരിട്ടതോടെ പവര്‍ ബാങ്ക് വാങ്ങാന്‍ തീരുമാനിച്ചു. ഓണ്‍ലൈനില്‍ പണമടച്ച് ഓര്‍ഡറും നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ പാഴ്‌സലെത്തി. തുറന്ന് പരിശോധിച്ചപ്പോള്‍ നാഷിദും ഞെട്ടി.

ഈ മാസം 10നാണ് ഓര്‍ഡര്‍ അയച്ചത്. 15 ന് പാര്‍സല്‍ കയ്യിലെത്തി. പവര്‍ ബാങ്കിന് പകരം ഫോണ്‍ ലഭിച്ച കാര്യം നാഷിദ് ആമസോണ്‍ അധികൃതര്‍ അറിയിച്ചപ്പോള്‍ തെറ്റുപറ്റിയതിലുള്ള ക്ഷമാപണമാണ് ആദ്യം വന്നത്. ഫോണ്‍ തിരിച്ചയക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ സത്യസന്ധതയ്ക്കുള്ള സമ്മാനമായി ഫോണ്‍ എടുത്തുകൊള്ളാനായിരുന്നു മറുപടി. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം സഹോദരിക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി നല്‍കാനാണ് നാഷിദിന്റെ തീരുമാനം. നാഷിദിന്റെ സത്യസന്ധതയ്ക്ക് ആമസോണും അഭിനന്ദനമറിയിച്ചു.

chandrika: