X

അഹങ്കാരമല്ല അധികാരം

ടി.എച്ച്. ദാരിമി

അബൂബക്കര്‍(റ) ഒന്നാം ഖലീഫയായി ഭരണസാരഥ്യം ഏറ്റെടുത്തയുടന്‍ നടത്തിയ നയപ്രഖ്യാപനം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: ‘ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക് മേല്‍ അധികാരം ഏറ്റെടുത്തിരിക്കുന്നു. എങ്കിലും ഞാന്‍ നിങ്ങളെക്കാള്‍ ഉത്തമനല്ല. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാലത്തോളം നിങ്ങള്‍ എന്നെയും അനുസരിക്കുക. അവരോട് ഞാന്‍ എതിര്‍ നില്ക്കുന്നുവെങ്കില്‍ നിങ്ങളെന്നെ അനുസരിക്കേണ്ടതില്ല. ‘പ്രജകള്‍ക്ക് മുന്നില്‍ തുറന്ന മനസ്സോടെ സംസാരിക്കുന്ന ഒരു ഭരണാധികാരിയുടെ ചിത്രമാണ് ഈ വാക്കുകള്‍. രണ്ടര വര്‍ഷം നീണ്ട ഭരണത്തിനിടയില്‍ ഈ നയപ്രഖ്യാപനം ഉള്‍ക്കൊണ്ട വാക്കും വാഗ്ദത്തവും അദ്ദേഹം പാലിക്കുകയും ചെയ്തു. അധികാരത്തോടുള്ള സച്ചരിതരുടെ സമീപനം വീണ്ടും ഓര്‍മ്മിക്കേണ്ടിയും ഓര്‍മ്മിപ്പിക്കേണ്ടിയും വന്നിരിക്കുന്നത് പുതിയ കാലം അധികാരം എന്ന സംജ്ഞക്കും പുതിയ വ്യാഖ്യാനം ചമയ്ക്കുന്നതു കാണുമ്പോഴാണ്. സത്യത്തില്‍ ഭരണീയരെ അവരുടെ ഹിതവും പൊതുഗുണവും നോക്കി അതിലൂടെ നയിക്കുക എന്നതാണ് അധികാരം. അങ്ങനെ ചെയ്യുക എന്നത് നല്ല പ്രയാസമുള്ള കാര്യം തന്നെയാണ്. സ്വന്തം താല്‍പര്യം പോലും ചിലപ്പോള്‍ ത്യാഗം ചെയ്യേണ്ടതായി വരും. ആഴമുള്ള ക്ഷമയും സഹനവും വിട്ടുവീഴ്ചയും എല്ലാം അനിവാര്യമായിരിക്കും. കാരണം, ഭരണീയരുടെ പൊതു നന്‍മയും ഗുണവും അങ്ങനെയല്ലാതെ നടപ്പില്‍ വരുത്താന്‍ കഴിയില്ല. പുതിയ കാലത്തിന്റെ തിരുത്തനുസരിച്ച് ഭരണാധികാരി ഭരണീയരെ സ്വന്തം താല്‍പ്പര്യത്തിലേക്ക് തെളിക്കുകയും അതിലേക്ക് പിടിച്ചു വലിക്കുകയും അതിനായി ബലപ്രയോഗം നടത്തുകയുമെല്ലാമാണ്. ഇത് അധികാരത്തെ കുറിച്ച് ഒന്നുകൂടി വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
ഭൂമിയില്‍ മനുഷ്യന്‍ ജീവിതം തുടങ്ങിയത് മുതല്‍ അധികാരത്തെയും നേതൃത്വത്തെയും പറ്റിയുള്ള സങ്കല്‍പങ്ങളും ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. ഒന്നിലധികം വ്യക്തികള്‍ ഇടപെടുന്ന എല്ലാ കാര്യങ്ങളിലും അധികാരത്തിന്റെ ശബ്ദങ്ങള്‍ സ്വാഭാവികമായി തന്നെ കേട്ടുതുടങ്ങും. വ്യക്തികള്‍ക്കിടയില്‍ ഉലച്ചില്‍ ഉണ്ടാകുന്നിടത്ത് അത് കൂടുതല്‍ പ്രകടമാകുന്നു എന്നുമാത്രം. ചരിത്രത്തില്‍ സംഭവിച്ചിരിക്കുന്ന പോരാട്ടങ്ങളും ഏറ്റുമുട്ടലുകളും എല്ലാം അധികാരത്തിന്റെ പേരിലായിരുന്നു. കാലക്രമത്തില്‍ ഇതിനെ അടിസ്ഥാനപ്പെടുത്തി ദര്‍ശനങ്ങളും പഠനങ്ങളും പിറവിയെടുത്തു. ക്യാപിറ്റലിസം, സോഷ്യലിസം, ജനാധിപത്യം, ഏകാധിപത്യം തുടങ്ങിയവയെല്ലാം വിവിധ നാടുകളില്‍ പല കാലഘട്ടങ്ങളിലായി പ്രയോഗിച്ച അധികാര ദര്‍ശങ്ങളായിരുന്നു.

അധികാരത്തിലേക്ക് വഴി തേടാന്‍ മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ചതിന് തെളിവുകള്‍ ധാരാളമാണ്. അധികാരം ദൈവികമാണെന്നും അത് ഏറ്റെടുക്കുന്നവര്‍ ദൈവനിയോഗിയാണെന്നുമുള്ള വിശ്വാസം മധ്യകാലഘട്ടങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായിരുന്നു.

ജനങ്ങള്‍ക്ക് സുരക്ഷയും നീതിയും ക്ഷേമവും ഭരണത്തിന് ഉറപ്പു നല്‍കി അവരെ അവര്‍ക്കു വേണ്ടി ഭരിക്കാന്‍ കഴിയുന്നുവെങ്കില്‍ അവിടെയാണ് അധികാരത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതും വിജയിക്കുന്നതും. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പിന്തുടരുന്ന ജനാധിപത്യ ഭരണസംവിധാനം പരാജയമാണെന്ന് വിലയിരുത്താന്‍ കാരണം, ഈ ആശയം ക്രിയാത്മകമാക്കുന്നതിനെക്കാളേറെ ദുരുപയോഗപ്പെടുത്തുന്നു എന്നതാണ്. അതേസമയം രാജഭരണത്തിലും ഏകാധിപത്യത്തിലും കഴിയുന്ന പലരാജ്യങ്ങളിലും അധികമൊന്നും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകുന്നത് ആ സംവിധാനം അവിടങ്ങളില്‍ ജനപ്രിയമായതുകൊണ്ടാണ്. അവിടങ്ങളിലെ ഭരണാധികാരികള്‍ തങ്ങളേക്കാള്‍ ജനങ്ങളെ നയിക്കുന്നു എന്ന തോന്നല്‍ ഉണ്ടായതു കൊണ്ടാണ്.

ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥിതി എന്ന നിലക്ക് വളരെ ലളിതവും സുതാര്യവുമാണ് അധികാരത്തെപ്പറ്റിയുള്ള ഇസ്‌ലാമിക വീക്ഷണം. രാജവാഴ്ചയായിരുന്നാലും ജനാധിപത്യമായിരുന്നാലും നീതിപൂര്‍വകമായ ഭരണമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധവും ക്ഷേമവും ലഭ്യമാക്കിയ ആദ്യകാല ഇസ്‌ലാമിക ഭരണകൂടങ്ങള്‍ ലോകചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത അനുഭവങ്ങളായിട്ടാണ് ചരിത്രം വിലയിരുത്തുന്നത്. പ്രവാചകന് ശേഷമുള്ള ആദ്യകാല ഇസ്‌ലാമിക ഭരണകൂടങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. അബൂബക്കര്‍(റ) ഭരണസാരഥ്യം ഏറ്റെടുത്തയുടന്‍ നടത്തിയ നയപ്രഖ്യാപനം ആ അര്‍ഥങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. നിഷ്‌കളങ്കതയും ത്യാഗവും സ്ഫുരിക്കുന്ന ആ വാക്കുകള്‍ അന്നത്തെ ജനങ്ങള്‍ മാറോടണച്ചു. മുസ്‌ലിംകളെല്ലാം അദ്ദേഹത്തെ സര്‍വാത്മനാ സ്വാഗതം ചെയ്തു. അദ്ദേഹത്തിനു ശേഷം വന്ന ഉമറുല്‍ ഫാറൂഖ് (റ), ജനക്ഷേമം ഉറപ്പുവരുത്തി ഭരണം നടത്തിയ മഹാനായിരുന്നു.

രാജഭരണത്തിന്‍ കീഴില്‍ ജനങ്ങളെല്ലാം സംതൃപ്തരാണെങ്കില്‍, അവിടെ ജനാധിപത്യമില്ലെന്ന പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും പാടില്ല. അധികാരമേറ്റെടുത്തവരോട് മറ്റുള്ളവര്‍ക്കുണ്ടാകേണ്ട സമീപനം സ്വാഭാവികമായും നെഗറ്റീവ് ആയിരിക്കും. ഇസ്‌റാഈല്‍ വംശത്തില്‍, അവരുടെ ആവശ്യപ്രകാരം ത്വാലൂത്തിനെ രാജാവായി നിശ്ചയിച്ചുകൊടുത്തപ്പോള്‍ ആളുകളുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ‘എങ്ങനെയാണ് അയാള്‍ക്ക് നമ്മുടെ മേല്‍ അധികാരം കിട്ടുക, അതിന് അയാളെ ക്കാള്‍ അര്‍ഹത നമുക്ക് തന്നെയാണ്’ (വി.ഖു 2:247). പക്ഷെ, ജനഹിതം ഉള്‍ക്കൊണ്ട് ഈ അഭിപ്രായത്തെ തിരുത്തിയെടുക്കുവാന്‍ ഭരണാധികാരിക്ക് കഴിയണം. അതിനൊരു വഴിയാണ് കൂടിയാലോചന. കൂടിയാലോചിക്കുമ്പോള്‍ ഭരണാധികാരി തങ്ങളെ പരിഗണിക്കുന്നു എന്ന് ജനങ്ങള്‍ക്ക് തോന്നും. അപ്പോള്‍ അവര്‍ സഹകരിക്കും. അതു തന്നെയാണ് ഭരണവിജയം.

അധികാരത്തെ മനസ്സുകളെ പരസ്പരം കോര്‍ത്തു കെട്ടുന്ന ചരടായിട്ടാണ് ഇസ്‌ലാം കാണുന്നത്. നബി(സ) പറയുന്നു: ‘നിങ്ങളുടെ നേതാക്കന്മാരില്‍ നല്ലവര്‍, നിങ്ങള്‍ സ്‌നേഹിക്കുകയും നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങള്‍ അവര്‍ക്കു വേണ്ടിയും അവര്‍ നിങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണ്. നിങ്ങളുടെ നേതാക്കന്മാരില്‍ മോശമായവര്‍, നിങ്ങള്‍ വെറുക്കുകയും നിങ്ങളെ വെറുക്കുകയും നിങ്ങള്‍ ശപിക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ്.’ (മുസ്‌ലിം) തനിക്ക് ലഭിച്ച അധികാരം ദുരുപയോഗപ്പെടുത്തുകയോ അത് ഉപയോഗിച്ച് ആളുകള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുകയോ ചെയ്യുന്നവരെ നബിയുടെ ശാപപ്രാര്‍ഥനയാണ് കാത്തിരിക്കുന്നത്. നബി(സ) ഇങ്ങനെ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, എന്റെ സമുദായത്തിന്റെ എന്തെങ്കിലും കാര്യം ഒരാള്‍ ഏറ്റെടുത്തിട്ട് അവരെ പ്രയാസപ്പെടുത്തിയാല്‍ അത്തരക്കാരെ നീയും പ്രയാസപ്പെടുത്തേണമേ. അവരുടെ കാര്യങ്ങള്‍ ഏറ്റെടുത്തവര്‍ അവരോട് സൗമ്യമായി വര്‍ത്തിക്കുകയാണെങ്കില്‍ നീയും അവരോട് സൗമ്യത കാണിക്കേണമേ.’ (മുസ്‌ലിം).

അതേസമയം ഭരണാധികാരികളോടുള്ള ബന്ധം ഏതു സാഹചര്യത്തിലും അടിസ്ഥാന മൂല്യങ്ങള്‍ നിരാകരിക്കപ്പെടുന്നില്ലെങ്കില്‍ മാന്യമായിരിക്കണം എന്നാണ് പ്രവാചകാധ്യാപനം. ജനങ്ങള്‍ക്ക് ഭരണകര്‍ത്താക്കളോടുള്ള ബന്ധമെന്തായിരിക്കണം? എന്ന് ഒരു അനുചരന്‍ ഒരിക്കല്‍ നബി(സ)യോട് ചോദിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഈ ബന്ധം വ്യക്തമാക്കുന്നു: ‘പ്രവാചകരേ, ഭരണാധികാരികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ചോദിച്ചും ഞങ്ങളുടെ അവകാശങ്ങള്‍ തടഞ്ഞും അവര്‍ ഭരിക്കുകയാണെങ്കില്‍, ഞങ്ങള്‍ എന്തുചെയ്യണം?’ നബി(സ) പറഞ്ഞു: ‘നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും തന്നെയാണ് വേണ്ടത്.’ അതേസമയം, അല്ലാഹുവിന് ധിക്കാരമാകുന്ന വിഷയങ്ങളില്‍ അധികാരസ്ഥാനത്തിരിക്കുന്നവരെ അനുസരിക്കേണ്ടതില്ല. ജനസേവനം ദൗത്യമായി പ്രവര്‍ത്തിക്കുന്ന എതൊരു ഭരണാധികാരിക്കും ജനങ്ങളോട് ഹൃദയബന്ധം നിലനിര്‍ത്താന്‍ കഴിയും. അത് അവരില്‍ നിന്നുള്ള അനുസരണമായും പ്രാര്‍ഥനയായും അയാള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും.

അധികാരമേല്‍ക്കുന്നവര്‍ക്ക് ഉണ്ടാകേണ്ട ജനസേവന താല്പര്യം എങ്ങനെയായിരിക്കണമെന്ന് ഉമര്‍(റ) വ്യക്തമാക്കുന്നുണ്ട്. ‘ഞാനുദ്ദേശിക്കുന്ന വ്യക്തിക്ക് ഒരേയൊരു യോഗ്യത മാത്രമുണ്ടായാല്‍ മതി. ഭരണമേറ്റെടുത്ത് അയാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവരില്‍ ഒരാളെപ്പോലെ കഴിയണം. ഭരണമില്ലാതെ അവര്‍ക്കിടയില്‍ കഴിയുമ്പോള്‍, അയാള്‍ ഒരു ഭരണാധികാരിയെപ്പോലെ പ്രവര്‍ത്തിക്കണം.’ സ്‌നേഹവും പ്രാര്‍ഥനയും പങ്കുവെച്ച് ഭരണാധികാരിയുടെയും ജനങ്ങളുടെയും ഇടയിലുള്ള ഇത്തരം ബന്ധങ്ങള്‍ നാട്ടിലുണ്ടാകുമ്പോഴാണ് ഭരണം ഫലപ്രദവും പ്രത്യുല്‍പന്നപരവുമാകുന്നത്. അധികാരം കയ്യാളുന്നവരുടെ മാനസികാവസ്ഥയും പ്രധാനമാണ്. അത് ആഗ്രഹിക്കുകയും അവിടേക്കെത്താന്‍ വിഹിതവും അവിഹിതവുമായ എല്ലാ മാര്‍ഗവും സ്വീകരിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ ജനാധിപത്യ സമൂഹത്തിലുള്ളത്. ‘അധികാരം ചോദിച്ചുവാങ്ങരുത്. ആഗ്രഹിക്കാതെയും ചോദിക്കാതെയുമാണ് നിനക്കത് കിട്ടുന്നതെങ്കില്‍ നീ സഹായിക്കപ്പെടും. ചോദിച്ചുവാങ്ങിയതാണെങ്കില്‍ അതൊരു ഭാരമായി നിന്നില്‍ ബാക്കിനില്ക്കും.’ (ബുഖാരി) തന്റെ കൈകളിലെത്തുന്ന അധികാരം ഒരു ദിവസത്തേക്കാണെങ്കിലും അതിലൂടെ ജനങ്ങളെ കയ്യിലെടുക്കുന്ന സേവകനാകാന്‍ കഴിഞ്ഞാല്‍ ഭരണാധികാരികള്‍ അനശ്വരമായി ജനഹൃദയങ്ങളില്‍ ജീവിക്കും.

 

ടി.എച്ച്. ദാരിമി

 

Test User: