ബ്രോയിലര്‍ ചിക്കന്‍ വില കുത്തനെ കുറഞ്ഞതോടെ നഷ്ടക്കയത്തില്‍ മുങ്ങി കോഴി ഫാം മേഖല. ഇന്നലെ 60- 65 രൂപയ്ക്കാണ് ഫാമുകളില്‍ നിന്ന് ഏജന്റുമാര്‍ കോഴികളെ വാങ്ങിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ളതിനാല്‍ ഏജന്റുമാര്‍ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. വളര്‍ച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിറുത്തുന്നത് തീറ്റയിനത്തില്‍ വീണ്ടും നഷ്ടം വരുത്തും.
ഏതാനും മാസങ്ങളായി കോഴി വില ഉയര്‍ന്നു നില്‍ക്കുന്നത് മുന്നില്‍ കണ്ട് ഫാമുകളില്‍ വലിയതോതില്‍ കോഴികളെ വളര്‍ത്തിയതാണ് കോഴി കര്‍ഷകര്‍ക്ക് വിനയായത്. ഒരാഴ്ച മുമ്പ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 230 മുതല്‍ 260 രൂപ വരെയാണ് വിവിധ ഭാഗങ്ങളില്‍ ഈടാക്കിയിരുന്നത്. ഉത്പാദനം കൂടി ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ പൊടുന്നനെ വില കുറഞ്ഞു. മഴക്കാലം കോഴികളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കവും കൂടും. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാര്‍ പറയുന്നത്.
ഇത്തവണ നഷ്ടം നേരിട്ടവരില്‍ ഏറെയും പുതുതായി ഈ രംഗത്തേക്ക് വന്ന പ്രവാസികളാണെന്നാണ് കോഴി കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. 35 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വില്‍ക്കുന്നവര്‍ക്ക് ചെലവ് തുക പോലും തിരിച്ചുകിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാന്‍ 90-100 രൂപ ചെലവാകും. ഫാമുകളില്‍ കിലോയ്ക്ക് 130 – 140 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. അതേസമയം വില കുത്തനെ കുറഞ്ഞതോടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ തന്നെ ഒരുകിലോ കോഴിയിറച്ചിക്ക് 100 – 110 രൂപയാണ് വില. ജീവനോടെ 85 -90 രൂപയും.