സാവോ പോളോ: ആമസോണ്‍ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ(28) വനം കൊള്ളക്കാര്‍ വെടിവച്ച് കൊലപ്പെടുത്തി. വനത്തില്‍ അതിക്രമിച്ചു കടന്ന് മരം വെട്ടി കടത്തുന്ന സംഘമാണ് പൗലോ പൗലിനോയെയും മറ്റൊരു ഗോത്രക്കാരനായ ലാര്‍സിയോ ഗുജജാരയെയും ആക്രമിച്ചത്. ലാര്‍സിയോ ഗുജ്ജാരക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുപക്ഷവും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരു കൊള്ളക്കാരനും കൊല്ലപ്പെട്ടു.
ബ്രസീല്‍ സംസ്ഥാനമായ മാരന്‍ഹാവോയിലെ ആമസോണ്‍ അതിര്‍ത്തി പ്രദേശമായ അറ്റിബോയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. അക്രമികളെ പിടികൂടിയിട്ടില്ല. പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചു വന്ന ലോബോ എന്ന് വിളിപ്പേരുള്ള ഈ ചെറുപ്പക്കാരന്റെ മരണം വലിയ വിവാദമാണ് ബ്രസീലില്‍ ഉണ്ടാക്കിയിരിക്കുന്നത്. പൗലോക്ക് ഒരു മകനുണ്ട്.
ബ്രസീലില്‍ 20,000ത്തോളം ജനസംഖ്യയുള്ള ഗുജജാരാസ് എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ. ഇവര്‍ രൂപീകരിച്ച ‘ഗാര്‍ഡിയന്‍സ് ഒഫ് ഫോറസ്റ്റ്’ എന്ന തദ്ദേശീയ വനസംരക്ഷക ഗ്രൂപ്പിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. അപൂര്‍വമായ മരങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ 2012ലാണ് ഈ സംഘം രൂപം കൊണ്ടത്.