ദേശീയപാതയിലെ കുഴി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തുടരുന്നു. ദേശീയപാത വികസനത്തില്‍ ശനിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ കേന്ദ്രവിമര്‍ശനത്തിന് ഇന്നലെ മന്ത്രി വി. മുരളീധരന്‍ മറുപടി നല്‍കി. പിന്നാലെ വൈകിട്ട് പൊതുമരാമത്ത് മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി നല്‍കിയതോടെ വിവാദം കത്തിപ്പടരുകയാണ്.
ദേശീയപാതയുടെകാര്യത്തില്‍ കേന്ദ്രത്തെ പിന്തുണച്ചും സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചും ആര്‍.എസ്.എസ് നേതാക്കളും പ്രതിരോധിച്ച് സി.പി.എം നേതാക്കളും സജീവമായതോടെ വരുംദിവസങ്ങളിലും വിവാദം തുടരുമെന്ന് ഉറപ്പായി. മുന്‍കാല സര്‍ക്കാരുകളേക്കാള്‍ ദേശീയപാതവികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നാണ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ഇന്നലെ വൈകിട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.
മുന്‍വര്‍ഷങ്ങളേക്കാള്‍ തുക റോഡ് വികസനത്തിനായി സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുണ്ട്.ദേശീയപാത വികസനത്തില്‍ പോരായ്മകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് കേന്ദ്രം തയാറാണ്. ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന് പരാതി നല്‍കിയാല്‍ വിഷയത്തില്‍ ഇടപെടലുണ്ടാകും. സംസ്ഥാനത്തെ റോഡ് വികസന വിഷയങ്ങളില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ ചര്‍ച്ചയാകാം.മന്ത്രി പിഎ മുഹമ്മദ് റിയാസിന് ചര്‍ച്ചകള്‍ക്കായി ഏത് സമയവും തന്റെ ഓഫീസില്‍ എത്താമെന്നും മന്ത്രി പ്രതികരിച്ചു.
ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിന്റേതാണെന്നും റോഡുകളുടെ പണിയില്‍ ഇടപെടുന്നതിന് പരിമിതി ഉണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികള്‍ ഉണ്ടാകാന്‍ പാടില്ല എന്ന് മന്ത്രി പറഞ്ഞു. കേരളം ഉണ്ടായ മുതല്‍ക്കെ കുഴി ഉണ്ടെന്ന് പറഞ്ഞ് കയ്യും കെട്ടി നോക്കി നിന്നിട്ടില്ല.
കരാറുകാരുടെ പേര്, ഫോണ്‍നമ്പര്‍, ടോള്‍ഫ്രീ നമ്പര്‍, മറ്റുവിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി മുവായിരത്തോളം ഡിഎല്‍പി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് വര്‍ക്കിംഗ് കലണ്ടറും ക്രമപ്പെടുത്തുന്നുണ്ട്. പരാതികള്‍ നേരിട്ട് മനസ്സിലാക്കാനുള്ള സംവിധാനവും ഉണ്ട്. റോഡുകള്‍ നശിക്കുന്നതില്‍ കാലാവസ്ഥയ്ക്ക് മുഖ്യപങ്കുണ്ടെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.