ഡല്‍ഹി- ഏഴ് മാസമായി അബോധാവസ്ഥയില്‍ കിടന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 2022 ഏപ്രില്‍ 1 ന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് എയിംസ് ട്രോമ സെന്ററില്‍ പരിചരണത്തിലായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതിക്ക് ശസ്ത്രക്രയ നടത്തിയശേഷം ഏഴു മാസത്തോളമായി അബോധാവസ്ഥയിലാണ്. കഴഞ്ഞയാഴ്ചയാണ് ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കിയത്.
അപകട സമയത്ത് പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന യുവതി ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. തലയ്ക്ക് പരിക്കേറ്റ യുവതിയെ ആദ്യം ബുലന്ദറിലെ അബ്ദുല്ലാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയത്. അപകട സമയം യുവതി 40 ദിവസം ഗര്‍ഭിണിയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ഏഴ് മാസത്തിനകം അഞ്ച് ശസ്ത്രക്രയകള്‍ക്കാണ് വിധേയമാക്കിയത്. യുവതി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചികിത്സാ സമയത്ത് യുവതിക്ക് ഗര്‍ഭം തുടരാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ഗര്‍ഭാശയം പരിശോധിച്ചതില്‍ കുട്ടിക്ക് വൈകല്യം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പായിരുന്നു. തുടര്‍ന്നാണ് ഗര്‍ഭം തുടരാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ജന്മം നല്‍കിയ കുട്ടിക്ക് 2.5 കിലോ ഭാരമുണ്ടായിരുന്നു.