തിരുവനന്തപുരം: പോത്തന്‍കോട് തങ്കമണിയുടെ കൊലപാതകത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി തൗഫീഖ് പിടിയിലായത്. പ്രതിയില്‍ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മല്‍ കണ്ടെത്തി. മോഷണ ശ്രമമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ തൗഫീഖിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
നിരവധി കേസുകളിലെ പ്രതിയാണ് തൗഫീഖ്. തൗഫീഖ് മുമ്പ് മോഷ്ടിച്ച വാഹനത്തിലാണ് പോത്തന്‍കോടെത്തിയത്. തമ്പാനൂര്‍ സ്റ്റേഷനില്‍ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ തങ്കണമണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇവരുടെ മുഖത്ത് മുറിപ്പാടുണ്ടായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തില്‍ കീറലുകളുമുണ്ടായിരുന്നു.
തങ്കമണി സഹോദരിയുടെ വീടിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പൂജ ചെയ്യാന്‍ പൂപറിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്ന തങ്കമണിയെ ഇതിനിടെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. പൂക്കളും ചെരിപ്പുമെല്ലാം മൃതദേഹത്തിന് സമീപത്ത് ചിതറിക്കിടന്നിരുന്നു. തങ്കമണി ധരിച്ച കമ്മലും നഷ്ടപ്പെട്ടിരുന്നു.