കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ്. ഫെമ നിയമലംഘനത്തിലാണ് ഇ.ഡി നോട്ടീസ് അയച്ചത്. ബൈജു രാജ്യം വിടാതിരിക്കാന്‍ പുതിയ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷനോട് ഇ.ഡി നിര്‍ദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇഡി കൊച്ചി ഓഫീസിന്റെ ആവശ്യത്തെത്തുടന്ന് ഒന്നരവര്‍ഷം മുന്‍പ് ബൈജുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അന്വേഷണം ഇഡിയുടെ ബംഗളൂരു ഏജന്‍സിയിലേക്ക് മാറ്റിയിരുന്നു. ബൈജൂസിന്റെ ഉടമയായ ബൈജുവിനെയും കുടുംബത്തെയും മാതൃ സ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ നേതൃത്വ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നിക്ഷേപകരുടെ അടിയന്തര യോഗത്തിന്റെ തീരുമാനം സ്‌റ്റേ ചെയ്യാനുള്ള ബൈജുവിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു.
വിദേശ നാണ്യ വിനിമയ ചട്ടം (FEMA) ലംഘിച്ചത് സംബന്ധിച്ച അന്വേഷണമാണ് ഇ.ഡി ബൈജൂസിനെതിരെ നടത്തുന്നത്. ഫെമ ചട്ടം ലംഘിച്ച് 9,362 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃസ്ഥാപനത്തിനെതിരെ ഇ.ഡി നോട്ടീസ് അയച്ചത്.