X

മാസങ്ങള്‍ക്കു ശേഷം കാശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനം പുനഃസ്ഥാപിച്ചു

ശ്രീനഗര്‍; കാശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. എല്ലാ സേവന ദാതാക്കളുടെ മൊബൈല്‍ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനു മുന്നോടിയായിട്ടായിരുന്നു കാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. രണ്ടു മാസത്തെ വിലക്കിനു ശേഷമാണ് സര്‍വ്വീസുകള്‍ പുന:സ്ഥാപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെ 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണുകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പക്ഷേ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകില്ല. കാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞ വ്യാഴാഴ്ച എടുത്തു കളഞ്ഞിരുന്നു. ഇതിനു പുറമേ ലാന്‍ഡ്‌ഫോണുകളും പ്രവര്‍ത്തനം ആരംഭിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനു ശേഷം കനത്ത സുരക്ഷാ വലയത്തിലാണ് ജമ്മു കാശ്മീര്‍. നടപടിക്കു മുന്നോടിയായി കാശ്മീരിലെ രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

chandrika: