X

പോസ്റ്റ് മോര്‍ട്ടത്തിന് പള്ളി വിട്ടുനല്‍കിയ കമ്മിറ്റിക്ക് വഖ്ഫ് ബോര്‍ഡിന്റെ ആദരം


എടക്കര: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്‍കിയ പോത്തുകല്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘത്തിനെ വഖ്ഫ് ബോര്‍ഡ് ആദരിക്കുന്നു. ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്‍ട്ടത്തിന് പള്ളി വിട്ടുനല്‍കിയ നടപടി ഉദാത്ത മാതൃകയാണ് കാണിച്ചതെന്ന് ബോര്‍ഡ് അഭിപ്രായപ്പെട്ടു.
കവളപ്പാറയില്‍ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിച്ചു നിലമ്പൂരിലെ ജില്ല ആശുപത്രിയിലത്തെിക്കേണ്ടതിന് പകരം പള്ളി കമ്മിറ്റിയുടെ തീരുമാന ശേഷം കൂടുതല്‍ എളുപ്പമാകുകയായിരുന്നു. പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദര്‍ഭോജിതമായ ഈ തീരുമാനം ജനങ്ങള്‍ക്കിടയിലും, രാഷ്ട്രീയസാമൂഹിക നേതാക്കള്‍ക്കിടയിലും പ്രത്യേക പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പള്ളി കമ്മറ്റിയെ ആദരിക്കുന്നതിനും, പാരിതോഷികമായി ഒരു ലക്ഷം രൂപ നല്‍കുന്നതിനും വഖ്ഫ് ബോര്‍ഡ് യോഗം തീരുമാനമെടുത്തത്. ഈ മാസം 28ന് പോത്തുകല്‍ മസ്ജിദുല്‍ മുജാഹിദീനില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കമ്മിറ്റിയെ ആദരിക്കലും പാരിതോഷിക വിതരണവും നടത്തും. ചടങ്ങില്‍ വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, ബോര്‍ഡ് അംഗങ്ങളും, വഖ്ഫ് ബോര്‍ഡ് മഞ്ചേരി ഡിവിഷനല്‍ ഓഫീസറും പങ്കെടുക്കും.

web desk 1: