താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഹ്രിയുടെ ശരീരത്തില്‍ 13 പരുക്കുകളെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ മുതുകിലും കാലിന്റെ പിന്‍ഭാഗത്തുമാണ് പരുക്കുകള്‍. ആമാശയത്തില്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് എം.ഡി.എം.എയാണെന്നാണ് സംശയം. കെമിക്കല്‍ ലാബ് പരിശോധനഫലം കൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ഇതേത്തുടര്‍ന്ന് കവറുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു. താമിറിന്റെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും.
ഇന്നലെ പുലര്‍ച്ചെയാണ് 18 ഗ്രാം എം.ഡി.എം.എ യുമായി താമിര്‍ ഉള്‍പ്പെടെ അഞ്ച്‌പേരെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ ഇടയില്‍ ഇയാള്‍ കുഴഞ്ഞുവീണെന്നാണ് പൊലീസ് പറയുന്നത്. തിരൂരങ്ങാടി സ്വദേശിയായ താമിര്‍ പുലര്‍ച്ചെ 4.20 ഓടെ മരിച്ചിട്ടും വീട്ടുകാരെ രാവിലെ 10.30നാണ് പൊലീസ് വിവരമറിയിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. താമിറിന്റെ മൃതദേഹം മമ്പുറം മഹല്ല് ജുമാമസ്ജിദില്‍ കബറടക്കി.െ