X

പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്;വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ്സ് മുഖേനയുളള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി പുതുതായി അപേക്ഷിക്കുന്നതും റിന്യൂവല്‍ ചെയ്യുന്നതുമായ വിദ്യാര്‍ഥികള്‍ അവരുടെ മൊബൈല്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജനുവരി 31നകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍ ലോഗിന്‍ മുഖേനയും സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ മുഖേനയുമാണ് വെരിഫിക്കേഷന്‍ നടത്തേണ്ടത്.

2021-22 വര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പ് തുകയുടെ 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതിനാല്‍ അതാത് അധ്യയന വര്‍ഷം തന്നെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് അംഗീകാരം വാങ്ങാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതല്ല. 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കുന്നതിനും റിന്യൂവല്‍ ചെയ്യുന്നതിനുമുളള അവസാന തീയതി മാര്‍ച്ച് 15 ആയിരിക്കും. അതിനു മുമ്പായി 2021-22 വര്‍ഷം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള എല്ലാ വിദ്യാര്‍ഥികളും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം വാങ്ങിയിരിക്കണം. റിന്യൂവല്‍ അപേക്ഷകളും ഈ തീയതിക്കു മുമ്പായി സ്ഥാപനങ്ങള്‍ ഫോര്‍വേഡ് ചെയ്തിരിക്കണം. മാര്‍ച്ച് 15 ന് സൈറ്റ് ക്ലോസ് ചെയ്യും. പിന്നീട് അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരമുണ്ടാകില്ല.

40% തുക സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നല്‍കുകയും കേന്ദ്ര വിഹിതം 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നല്‍കുകയും ചെയ്യും. തുക അക്കൗണ്ടില്‍ ലഭിച്ച് ഏഴ് ദിവസത്തിനകം വിദ്യാര്‍ഥികള്‍ സ്ഥാപനത്തിനു നല്‍കുവാനുളള തുക സ്ഥാപനത്തില്‍ ഒടുക്കേണ്ടതാണ്. സ്ഥാപനത്തിനുളള തുകയുടെയും വിദ്യാര്‍ഥിക്ക് അര്‍ഹമായ തുകയുടെയും വിവരങ്ങള്‍ സ്റ്റുഡന്റ് പ്രൊഫൈലിലും പ്രിന്‍സിപ്പല്‍ ലോഗിനിലും ലഭ്യമാണ്.

Test User: