ഹെല്‍ഡര്‍ പോസ്റ്റീഗ-പോര്‍ച്ചുഗലിന്റെ ലോകതാരം. ലോകകപ്പും യൂറോയുമെല്ലാം കളിച്ചതിന്റെ ആ അനുഭവക്കരുത്ത് ഇന്നലെ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ അല്‍പ്പസമയം കണ്ടു. ആ കാഴ്ച്ചയില്‍ പിറന്നത് രണ്ട് ഉഗ്രന്‍ ഗോളുകള്‍. ഒന്ന് പോസ്റ്റീഗയുടെ തലയില്‍ നിന്ന്, രണ്ടാമത്തേത് അദ്ദേഹം നല്‍കിയ പാസില്‍ നിന്ന്. സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 1-2ന് പരാജയപ്പെട്ടത് അത്‌ലറ്റികോ കൊല്‍ക്കത്തയോടായിരുന്നില്ല-പോസ്റ്റീഗയോടായിരുന്നു.
സസ്‌പെന്‍ഷന്‍ കാരണം ഗ്യാലറിയിലിരുന്ന് കളി കാണാന്‍ നിര്‍ബന്ധിതനായ കൊല്‍ക്കത്ത കോച്ച് കൊളീന രണ്ടാം പകുതിയില്‍ സ്വന്തം ടീം ഒരു ഗോളിന് പിന്നിട്ട് നില്‍ക്കുന്ന വേളയിലാണ് തന്റെ സൂപ്പര്‍ താരത്തെ രംഗത്തിറക്കിയത്. ആ തീരുമാനത്തിന്റെ റിസല്‍ട്ടായി വന്ന പോസറ്റിഗയുടെ ഹെഡ്ഡര്‍ ഗോള്‍ ലോക നിലവാരത്തിലുള്ളതായിരുന്നു. പോസറ്റിലേക്ക് ചെത്തിയിടുക എന്ന പ്രയോഗം പോലെ തലയിലേക്ക് അതിവേഗതയില്‍ വന്ന പന്തിനെ അതേ വേഗതയില്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ട കാഴ്ച്ച ആസ്വദിക്കാന്‍ പക്ഷേ സ്‌റ്റേഡിയം നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് ആരാധകര്‍ക്ക് മനസ്സുണ്ടായിരുന്നില്ല. ടീമിന്റെ വിജയഗോളിലേക്ക് ബെലന്‍കോസോക്ക് പന്ത് നല്‍കിയതും പോസ്റ്റിഗ തന്നെ.
ഒന്നാം പകുതിയില്‍ കണ്ടത് ഉറുഗ്വേക്കാരന്‍ എമിലിയാനോ അല്‍ഫാരോയുടെ തകര്‍പ്പനൊരു ഹെഡര്‍ ഗോളായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍വേട്ടില്‍ ഒന്നാമനായി തുടരുന്ന താരത്തിന്റെ തലയിലേക്ക് നിര്‍മല്‍ ചേത്രി നല്‍കി അതിസുന്ദര പാസിന് അതേ സൗന്ദര്യത്തോടെ അല്‍ഫാരോ തലവെച്ച കാഴ്ച്ചയില്‍ മതിമറന്ന കാണികള്‍ പക്ഷേ രണ്ടാം പകുതിയില്‍ പോസ്റ്റീഗയുടെ വരവും ഇത്തരമൊരു തിരിച്ചടിയും പ്രതീക്ഷിച്ചിരുന്നില്ല. ഏഴ് ദിവസത്തെ വലിയ വിശ്രമത്തിന് ശേഷമാണ് നോര്‍ത്ത് ഈസ്റ്റുകാര്‍ കളിക്കാനിറങ്ങിയത്. പക്ഷേ മുന്‍നിരയിലെ അതിവേഗക്കാരന്‍ ലോപാസ് ബെഞ്ചിലായപ്പോള്‍ കറ്റ്‌സുമിയും അല്‍ഫാരോയും ഒന്നിനൊന്ന് മെച്ചപ്പെട്ടിരുന്നു. പക്ഷേ കഴിഞ്ഞ ദിവസവും കളത്തിലറങ്ങി കൊല്‍ക്കത്തക്കാര്‍ ആ ക്ഷീണമൊന്നും പ്രകടിപ്പിക്കാതെ പോസ്റ്റിഗയുടെ കരുത്തില്‍ കളിച്ചപ്പോള്‍ ഹാവി ലാറയും ബോര്‍ജ ഫെര്‍ണാണ്ടസും ഗംഭീര പിന്തുണയാണ് നല്‍കിയത്. പോസ്റ്റീഗയുടെ വരവറിയിക്കുന്ന മല്‍സരമായതിനാല്‍ ഇപ്പോള്‍ പോയന്റ്് ടേബിളിന്റെ തലപ്പത്ത് കയറിയ കൊല്‍ക്കത്തക്കാരെ ഇനി സൂക്ഷിക്കണം. ഇയാന്‍ ഹ്യൂമില്ലാതെയാണ് ഇവര്‍ കുതിച്ചിരിക്കുന്നത്.