തിരുവനന്തപുരം: ഇത്തവണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തി. അത്യാവശ്യ സേവന വിഭാഗത്തില്‍ പെടുന്ന ആരോഗ്യം, പൊലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, വൈദ്യുതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, വനംവകുപ്പ്, ട്രഷറി, അംഗീകൃത മാധ്യമ സ്ഥാപനങ്ങള്‍, ആംബുലന്‍സ്, റെയില്‍വേ, എ.ഐ.ആര്‍, ദൂരദര്‍ശന്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭിക്കും. ഇതിനായി 12ഡി ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ പറഞ്ഞു.
80 വയസു കഴിഞ്ഞവര്‍ക്കു പുറമേ ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. ഇവരുടെ പട്ടിക തയാറാക്കി കമ്മിഷന്‍ നേരിട്ട് അപേക്ഷ വീട്ടിലെത്തിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് മൂന്നു ദിവസത്തിനുശേഷം തപാല്‍ ബാലറ്റ് വിതരണം ചെയ്യും. തപാല്‍ ബാലറ്റുകളുടെ അച്ചടി ജില്ലാതലത്തില്‍ ആരംഭിച്ചു. തപാല്‍ ബാലറ്റിനു അപേക്ഷിക്കുന്നവരുടെ വിവരം സ്ഥാനാര്‍ത്ഥികള്‍ക്കും കൈമാറും.
രണ്ടു പോളിങ് ഓഫിസര്‍, സെക്യൂരിറ്റി, വിഡിയോഗ്രാഫര്‍ എന്നിവരുള്‍പ്പെടുന്ന സംഘം വീട്ടിലെത്തി തപാല്‍ ബാലറ്റ് കൈമാറും. നടപടികള്‍ വിഡിയോയില്‍ പകര്‍ത്തും. പോസ്റ്റല്‍ ബാലറ്റുമായി ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരം വോട്ടറെയും സ്ഥാനാര്‍ത്ഥിയെയും മുന്‍കൂട്ടി അറിയിക്കും. സ്ഥാനാര്‍ഥിക്കു വീടിനുള്ളില്‍ കയറാന്‍ കഴിയില്ല. വോട്ട് ചെയ്യിപ്പിച്ച് കവര്‍ സീല് ചെയ്ത് തപാല്‍ വോട്ടുകള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്ന അസി.റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കണം. പോസ്റ്റല്‍ ബാലറ്റുകളുടെ ക്രമീകരണത്തിനായി ഒരു അഡീഷണല്‍ എ.ആര്‍.ഒയെ വീതം നിയമിക്കും.