പെരിയ ഇരട്ടക്കൊല കേസില്‍ സി.ബി.ഐ വിധിക്കെതിരെ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പോസ്റ്റിട്ടെന്ന പരാതിയില്‍ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, ഉദുമ സ്വദേശി അഖില്‍ പുലിക്കോടന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
2019 ജുലൈ 17ന് കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കേസില്‍ എറണാകുളം സി.ബി.ഐ കോടതി കഴിഞ്ഞ മാസം 28ന് വിധി പ്രസ്താവിച്ചതിനെതിരെ ഏരിയ സെക്രട്ടറി ഫേസ്ബുക്കിലൂടെയും അഖില്‍ വാട്‌സാപ്പിലൂടെയും മരിച്ചവരെ കുറിച്ച് അപകീര്‍ത്തിയുണ്ടാക്കുന്ന പോസ്റ്റ് ഇട്ടെന്നാണ് കേസ്.
കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് കല്യോട്ടെ പി.കെ. സത്യനാരായണനും കൃപേഷിന്റെ പിതാവ് പി.വി. കൃഷ്ണനും നല്‍കിയ പരാതിയിലാണ് കേസ്. ഇരുവരും ജില്ല പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ ബേക്കല്‍ പൊലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കോടതിയുടെ അനുമതിയോട് കൂടി ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ, മുന്‍ എം.എല്‍.എ അടക്കം കേസിലെ മറ്റ് നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയും ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ വിധിച്ചു.
ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ സി.പി.എം പാക്കം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പെരിയ എച്ചിലടുക്കം എ. പീതാംബരന്‍, പീതാംബരന്റെ സഹായി പെരിയ എച്ചിലടുക്കം സൗര്യം തോട്ടത്തില്‍ സജി സി. ജോര്‍ജ്, എച്ചിലടുക്കം താന്നിത്തോട് വീട്ടില്‍ കെ.എം. സുരേഷ്, എച്ചിലടുക്കം കെ. അനില്‍കുമാര്‍, പെരിയ കല്ലിയോട്ട് വീട്ടില്‍ ജിജിന്‍, പെരിയ പ്ലാക്കത്തൊടിയില്‍ വീട്ടില്‍ ശ്രീരാഗ്, മലങ്കാട് വീട്ടില്‍ എ. അശ്വിന്‍, പുളിക്കല്‍ വീട്ടില്‍ സുബീഷ്, 10ഉം 15ഉം പ്രതികളായ താനത്തിങ്കല്‍ വീട്ടില്‍ രഞ്ജിത്, കള്ളിയോട്ട് വീട്ടില്‍ എ. സുരേന്ദ്രന്‍ എന്നിവരെയാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.
കേസിലെ 14, 20, 21, 22 പ്രതികളായ ഡി.വൈ.എഫ്.ഐ നേതാവ് മണികണ്ഠന്‍, ഉദുമ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, പാക്കം കിഴക്കേ വീട്ടില്‍ രാഘവന്‍ വെളുത്തോളി, പാക്കം സ്വദേശി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് അഞ്ച് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. കെ.വി. കുഞ്ഞിരാമന്‍ അടക്കം നാലു പേരുടെ ശിക്ഷ ഹൈകോടതി താല്‍കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്.