X
    Categories: CultureMoreViews

പെട്രോള്‍ വില 25 രൂപ വരെ കുറക്കാനാവും; മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്: പി. ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ പെട്രോള്‍ ലിറ്ററിന് 25 രൂപ വരെ കുറക്കാനാവുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. എന്നാല്‍ സര്‍ക്കാര്‍ ലിറ്ററിന് ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ചിദംബരം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില കുറയുന്നതിനനുസരിച്ച് ലിറ്ററിന് 15 രൂപ വരെ കുറക്കാനാവും. കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ 10 രൂപ അധിക നികുതി കൂടി കുറച്ചാല്‍ ലിറ്ററിന് 25 രൂപ കുറവില്‍ പെട്രോള്‍ കുറക്കാനാവും-ചിദംബരം വ്യക്തമാക്കി.

രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. ഇന്ന് 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയും ഡീസലിന് 74.16 രൂപയുമാണ് വില.

ഇന്ധനവില നിയന്ത്രണാതീതമായി കൂടിയതോടെ കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ത്ര പ്രധാന്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ചര്‍ച്ച റദ്ദാക്കി. കാരണം പറയാതെയാണ് ചര്‍ച്ച റദ്ദാക്കിയത്.

ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇന്ധനവില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സമ്മതിക്കുന്നില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്ന ന്യായം. എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചക്ക് തയ്യാറാവാതെ കേന്ദ്രം എണ്ണക്കമ്പനികളുടെ കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: