തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറുമായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയേറിയതോടെ സംസ്ഥാനം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം തീരത്തിന് 390 കിലോമീറ്റര്‍ തെക്ക്-തെക്കു പടിഞ്ഞാറന്‍ ദിശയില്‍ നില്‍ക്കുന്നുവെന്നാണ് ഇന്നലെ ഉച്ചയോടെ ഇറക്കിയ കേന്ദ്ര കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഈ ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്, 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായി (ഡീപ്പ് ഡിപ്രഷന്‍) മാറും. കടലിനുള്ളില്‍ കാറ്റിന്റെ വേഗത 65 കിലോമീറ്ററിനുമുകളിലും തിരമാലകള്‍ 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ ഉണ്ടാവുകയും ചെയ്യും. കടല്‍ പ്രപക്ഷുബ്ധമായിരിക്കും. കേരളതീരത്ത് നിന്നും ഒരു മത്സ്യത്തൊഴിലാളിപോലും മത്സ്യ ബന്ധനത്തിനു പോകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം ദുരന്ത നിവാരണ അതോറിറ്റി നല്‍കി. മുന്നറിയിപ്പ് വ്യാഴാഴ്ച വരെ പ്രാബല്യത്തിലുണ്ടാകും. തെക്കന്‍ കേരളത്തില്‍ രണ്ടു ദിവസം ശക്തമായ മഴയുണ്ടാകും. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പരീക്ഷകള്‍ നടക്കുന്ന ഹാളുകള്‍ ഒഴികെ സ്‌കൂളുകളിലെ മറ്റ് ക്ലാസ് മുറികള്‍ ഇതിനായി ഉപയോഗിക്കാം.
എല്ലാ തുറമുഖങ്ങളിലും സിഗ്നല്‍ നമ്പര്‍ മൂന്ന് (അപകട മുന്നറിയിപ്പ്) ഉയര്‍ത്തണം. കെ.എസ്.ഇ.ബി കാര്യലയങ്ങള്‍ അടിയന്തര ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരായിരിക്കണം. തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ നാളെ വരെ നിരന്തരം പ്രവര്‍ത്തിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലകളില്‍ നടപ്പാക്കേണ്ടത്. ചുഴലിക്ക് (സൈക്ലോണ്‍) തൊട്ടുമുന്‍പുള്ള ഘട്ടമാണ് തീവ്ര ന്യൂനമര്‍ദം. ഇതിന്റെ ഫലമായി കന്യാകുമാരിയിലും ലക്ഷദ്വീപിലും തീരത്ത് ചുഴലിസമാനമായ കാറ്റുവീശും. മഴയും ലഭിക്കും. ലോ പ്രഷര്‍, ഡിപ്രഷന്‍, ഡീപ്പ് ഡിപ്രഷന്‍, സൈക്ലോണ്‍, സിവിയര്‍ സൈക്ലോണ്‍, വെരി സിവിയര്‍ സൈക്ലോണ്‍, സൂപ്പര്‍ സൈക്ലോണ്‍ എന്നിങ്ങനെ ഏഴു ഘട്ടങ്ങളാണ് ചുഴലിക്കാറ്റിനുള്ളത്. ഇപ്പോഴത്തേ ന്യൂനമര്‍ദം മൂന്നാം ഘട്ടം വരെയെത്താന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. കരയില്‍ സാമാന്യം മഴ ലഭിക്കും. വടക്കന്‍ കേരളത്തിനും ഇത് ബാധകമാണ്.
നേരത്തെ ഓഖി ചുഴലിക്കാറ്റ് സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചത് വന്‍ ദുരന്തത്തിന് വഴിയൊരുക്കിയിരുന്നു. ഇതേച്ചൊല്ലി വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ യുദ്ധ സമാന മുന്നൊരുക്കങ്ങള്‍ക്ക് രംഗത്തിറങ്ങിയത്.