ട്രാഫിക് ബ്ലോക്കില്‍ ഓട്ടോറിക്ഷകള്‍ തിരിയുന്ന പോലെയാണ് എല്‍.ഡി.എഫും സി.പി.എമ്മും എപ്പോഴാണ് തിരിയുക, ഷോര്‍ട് കട്ട് തേടുക എന്ന് പറയാനാവില്ല. യൂടേണ്‍ അടിച്ച് റെക്കോഡിട്ട മുഖ്യന് പറ്റിയ മുന്നണിയും മുന്നണി കണ്‍വീനറുമാണ് എല്‍.ഡി.എഫിനുള്ളത്. സ്വാശ്രയ കോളജുകള്‍ കേരളത്തില്‍ ആരംഭിക്കുന്നതിനെതിരെ സമരവും അക്രമവും നടത്താന്‍ എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയേയും കയറൂരി വിട്ട പാര്‍ട്ടിയാണിപ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമാവാമെന്ന നയത്തിലേക്ക് മലക്കംമറിഞ്ഞത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെപോലും തള്ളിപറയാതെ വിദ്യാര്‍ഥി വിരുദ്ധമായും കച്ചവട സഹായകരവുമായി ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവനക്കെതിരെ സംഗതി എന്തായാലും സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയിട്ടുണ്ട്. കാര്യമൊന്നുമില്ല. ചേട്ടന്‍ ബാവ കണ്ണുരുട്ടിയാല്‍ റാന്‍ മൂളാനുള്ള സ്വാതന്ത്ര്യം മാത്രമേ സി.പി.ഐ എന്ന അനിയന്‍ ബാവക്കുള്ളൂ.
സ്വാശ്രയ കോളജുകളെ എതിര്‍ത്ത് വിദ്യാഭ്യാസം പൊതുമേഖലയില്‍ മാത്രം മതിയെന്നായിരുന്നു മുന്‍പ് പറഞ്ഞതെങ്കില്‍ പഴയ നിലപാട് തിരുത്തിയാണ് സ്വകാര്യ വിദേശ നിക്ഷേപങ്ങള്‍ക്കുള്ള പച്ചക്കൊടി. വിദ്യാഭ്യാസ മേഖലയില്‍ വിളിച്ച പഴയ മുദ്രാവാക്യങ്ങള്‍ക്കും നയങ്ങള്‍ക്കുമെല്ലാം ഇതോടെ ലാല്‍ സലാം. സി.പി. എം എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് മാറ്റത്തിനുള്ള മുന്നണി തീരുമാനം. അല്ലേലും മുഖ്യന്റെ തിരുവായ്ക്ക് എതിര്‍ വാ അവതരിപ്പിക്കാന്‍ കെല്‍പുള്ളവനൊന്നും ആ പാര്‍ട്ടിയിലും മുന്നണിയിലും ഇന്നില്ലെന്നത് ആര്‍ക്കാണ് അറിയാത്തത്.
അണ്‍ എയ്ഡഡുകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചവര്‍ ആദ്യം സ്വകാര്യ കല്‍പിത സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനായിരുന്നു നീക്കം നടത്തിയത്. സംസ്ഥാനത്തെ മികച്ച പല എയ്ഡഡ് സ്ഥാപനങ്ങളും അപേക്ഷയും നല്‍കി. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോന്‍ കമ്മിറ്റി സ്വകാര്യ ഡീംഡ് സര്‍വകലാശാലകളെ എതിര്‍ത്തു, പകരം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാമെന്ന് ശുപാര്‍ശ മുന്നോട്ട്‌വെച്ചു. അതിനാണിപ്പോള്‍ അംഗീകാരം. അതായത് നിരവധി സ്വകാര്യ സര്‍വകലാശാലകള്‍ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താനാണ് അനുമതി കിട്ടുന്നത്. ഇതിന്റെ മറുവശമെന്ന് പറയുന്നത്.
ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം സ്വകാര്യ സര്‍വകലാശാലകള്‍ക്കായിരിക്കും. വിദേശ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന് കുറ്റപ്പെടുത്തി യു.ഡി.എഫ് കാലത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയ എസ്.എഫ്.ഐ ശിങ്കിടികള്‍ക്ക് ഇനി എന്തു പറയാനുണ്ടെന്നതാണ് കാത്തിരുന്നു കാണേണ്ടത്. അല്ലേലും എസ്.എഫ്.ഐ എന്നത് ക്യാമ്പസുകളില്‍ അധ്യാപകരേയും പ്രിന്‍സിപ്പല്‍മാരെയും പൂട്ടിയിടാനും അരാചകത്വത്തിന് വഴിവെട്ടാനും മാത്രമുള്ള സിനിമകളില്‍ മാത്രം ജീവിക്കുന്ന സംഘടനയായിട്ട് നാളെത്രയായി. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് മുതലാളിമാരെ ക്ഷണിക്കുന്നതില്‍ അവസാനിക്കില്ല സി.പി.എമ്മിന്റേയും എല്‍.ഡി.എഫിന്റേയും യൂ ടേണ്‍.
മകനും ഭാര്യയുമടക്കം കുടുംബം കോടികളുടെ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ കുടുങ്ങിക്കിടക്കുന്ന മുന്നണി കണ്‍വീനര്‍ നയിക്കുന്ന തൊഴിലാളി പാര്‍ട്ടിക്ക് വിദ്യാര്‍ത്ഥികളുടെ ഫീസെന്നാല്‍ എന്ത് വെറും നിസാരം. ആള് വലിയ ഫിലോസഫി ഒക്കെ പറയുകയും ചെയ്യും. തെറ്റ് എല്ലാ കാലത്തും തെറ്റും ശരി എല്ലാ കാലത്തും ശരിയും ആകില്ലെന്നാണ് സ്വാശ്രയ സമരത്തെ കുറിച്ച് ടിയാന്റെ അഭിപ്രായം. അതായത് ഇന്നത്തെ തെറ്റ് നാളെ ശരിയാവുകയും ഇന്നത്തെ ശരി സഖാക്കള്‍ക്ക് നാളെ തെറ്റുമാകാമെന്ന് സാരം. പച്ചപരിഷ്‌കാരം ഇവിടം കൊണ്ട് തീര്‍ന്നെന്ന് കരുതരുത്. വിലക്കയറ്റം മൂലം നടുവൊടിഞ്ഞ കേരളീയര്‍ക്ക് പുതുവര്‍ഷ സമ്മാനമായി വെള്ളക്കരം കൂട്ടിയിട്ടുണ്ട്. യഥാ രാജ തഥാ പ്രജ എന്നാണല്ലോ. മുന്നണി കണ്‍വീനറും മുഖ്യനുമൊക്കെ ഇതുപോലെ തള്ളുമ്പോള്‍ ഘടക കക്ഷി മന്ത്രിക്കും വേണ്ടേ ഒന്നു ഷൈന്‍ ചെയ്യാന്‍ അവസരം. കൂട്ടുക തന്നെ. ടിയാന്‍ വെള്ളം കുടി മുട്ടിച്ചാണ് സമ്മാനം നല്‍കിയത്. ലിറ്ററിന് ഒരു പൈസ വീതം കൂട്ടാനാണ് മുന്നണിയില്‍ നിന്നും അനുമതി കിട്ടിയത്. പോരെ പൂരം.
കേള്‍ക്കുന്നവര്‍ക്ക് നിസാരമെന്ന് തോന്നുമെങ്കിലും മാസം ഒരു കുടുംബത്തിന് 120 രൂപയുടെ അധിക ബാധ്യതയാണ് ഇത് നല്‍കുന്നത്. പക്ഷേ മന്ത്രി കണ്‍വീനറെ പോലെ അടുത്ത ഫിലോസഫി ഇറക്കിയിട്ടുണ്ട്. സംഗതിയെ പോസിറ്റീവായാണ് കാണേണ്ടതെന്നാണ് പറയുന്നത്. അല്ലേലും കുറക്കുക എന്നത് നെഗറ്റീവ് ചിഹ്നം ഉപയോഗിച്ചാണല്ലോ ചെയ്യേണ്ടത്. അത് പാടില്ല താനും. മാധ്യമങ്ങളും ഇത് പോസിറ്റീവായി കാണണം. കാരണം കൂട്ടുക എന്നതിന്റെ കൂട്ടല്‍ ചിഹ്നം പോസിറ്റീവാണല്ലോ കേട്ട പാതി കേള്‍ക്കാത്ത പാതി പഴയ എസ്.എഫ്.ഐ നേതാക്കന്‍മാര്‍ പൂണ്ടുവിളയാടുന്ന മാധ്യമ മേഖല പോസിറ്റീവായി കഴിഞ്ഞു. ജനത്തിന്‌മേല്‍ ഇത്ര കണ്ട് പോസിറ്റീവ് നല്‍കുന്ന മറ്റൊരു സര്‍ക്കാറിനേയും മുന്നണിയേയും കാണണമെങ്കില്‍ ഇനി കേന്ദ്രത്തിലോട്ട് നോക്കണം.