ആദായനികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വ്യവസായിയുടെ വീട്ടില്‍ മോഷണത്തിനെത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി ‘കൈകാര്യം’ ചെയ്തു. സൗത്ത് ഡല്‍ഹിയിലെ രമേഷ് ചന്ദ് എന്ന വ്യവസായിയുടെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഒമ്പതോടെ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന ആറംഗ സംഘമെത്തിയത്.
ഇലക്ട്രോണിക് സാധനങ്ങളുടെ വ്യവസായിയായ രമേഷ് ചന്ദിന്റെ വീട്ടിലേക്ക് ഹരിയാന സര്‍ക്കാരിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ടാറ്റാ സഫാരിയിലും ഹോണ്ടാ സിറ്റിയിലുമായാണ് സംഘമെത്തിയത്. 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള അന്വേഷണത്തിനെത്തിയതാണെന്നുമായിരുന്നു സംഘം പറഞ്ഞത്.
ആദ്യം തന്നെ കുടുംബാംഗങ്ങളുടെ ഫോണുകള്‍ ഇവര്‍ വാങ്ങിവച്ചു. തുടര്‍ന്ന് ഇരുപത് ലക്ഷം വീട്ടിനുള്ളില്‍നിന്ന് കൈക്കലാക്കുകയും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കൊണ്ടുപോയി വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ വീട്ടുകാര്‍ പോലീസിന് വിവരം അറിയിക്കുകയായിരുന്നു.
ഉടനെ പോലീസ് വീട്ടിലെത്തുകയും സംഘത്തോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ‘തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ ലാമിനേറ്റ് ചെയ്ത ഒരു കാര്‍ഡ് വളരെ പെട്ടെന്ന് കാണിച്ച് തിരിച്ചു വെക്കുകയായിരുന്നു, തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ സംഘം വ്യാജന്മാരാണെന്ന് കണ്ടത്തുകയായിരുന്നു’ പോലീസ് സഞ്ജിവ് മിത്ര പറഞ്ഞു.
സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകളാണ് വീടിനു ചുറ്റും തടിച്ചുകൂടിയത്. ചിലര്‍ വീടിനകത്ത് കയറി വ്യാജ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുകയും തുടര്‍ന്ന് മോഷ്ടാക്കളെ പോലീസിനു കൈമാറുകയും ചെയ്തു.
സംഘാംഗങ്ങള്‍ എല്ലാവരും ഉദ്യോഗസ്ഥരായി ചമയുകയായിരുന്നെന്ന് സൗത്ത് ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്‍മോയി ബിസ്വാള്‍ പറഞ്ഞു. മിതേഷ് കുമാര്‍, നൗന്‍ഹ്യാല്‍, യോഗേഷ് കുമാര്‍, ഗോവിന്ദ് ശര്‍മ., അമിത് അഗര്‍വാള്‍, പര്‍വിന്ദര്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.