ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തിന്റെ വലിയ ഒരു ചോദ്യത്തിന് ഇന്ന് രാത്രി ഉത്തരം. ഇതിഹാസ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന സി.ആര്‍ ഖത്തര്‍ ലോകകപ്പില്‍ കളിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിന് അന്ത്യമിടാന്‍ മണിക്കൂറുകള്‍ മാത്രം. നോര്‍ത്ത് മാസിഡോണിയക്കെതിരായ പ്ലേ ഓഫ് ഫൈനലില്‍ ഇന്ന് ജയിച്ചാല്‍ പോര്‍ച്ചുഗലിന് ഖത്തറിലെത്താം. യൂറോപ്പില്‍ നിന്നും ഇനി അവശേഷിക്കുന്നത് മൂന്ന് ബെര്‍ത്തുകളാണ്. അതില്‍ രണ്ട് പേരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാവും. പോളണ്ടും സ്വിഡനും തമ്മിലാണ് മറ്റൊരു ഫൈനല്‍. ഇതില്‍ ജയിക്കുന്നവരും ഖത്തറിലെത്തുമ്പോള്‍ വെയില്‍സ് കാത്തിരിക്കണം. അവരുടെ ഫൈനല്‍ മല്‍സര പ്രതിയോഗിയുടെ കാര്യത്തില്‍ തീരുമാനമായില്ല. യുദ്ധത്തില്‍ തകര്‍ന്ന യുക്രെയിനും സ്‌ക്കോട്ട്‌ലന്‍ഡും തമ്മിലുള്ള മല്‍ഡസര വിജയികളെയാണ് വെയില്‍സ് ഫൈനലില്‍ നേരിടേണ്ടത്.
ഒറ്റനോട്ടത്തില്‍ പോര്‍ച്ചുഗലിന് ഇന്ന് കാര്യങ്ങള്‍ എളുപ്പമാണ്. നോര്‍ത്ത്് മാസിഡോണിയക്കാര്‍ വലിയ വെല്ലുവിളിയല്ല. പക്ഷേ അവര്‍ അട്ടിമറിച്ചത് യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയെയാണ് എന്നത് സി.ആര്‍ സംഘത്തിന് തള്ളികളയാനാവില്ല. പ്ലേ ഓഫ് സെമിയില്‍ തുര്‍ക്കിയെ 3-1 ന് തകര്‍ത്താണ് പറങ്കികള്‍ ഫൈനലില്‍ എത്തിയത്. ആധികാരികമായിരുന്നു പോര്‍ച്ചുഗല്‍ വിജയം. ഇന്നത്തെ മല്‍സരം അവരുടെ തന്നെ മൈതാനത്ത് നടക്കുന്നതിനാല്‍ സമ്മര്‍ദ്ദം ഏറെയാണ്..ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിക്കവെ ഖത്തറില്‍ താനുണ്ടാവുമെന്നാണ് ആത്മവിശ്വാസത്തോടെ സി.ആര്‍ പറഞ്ഞത്.
രണ്ട് ടീമുകളും ഇതിനകം രണ്ട് തവണ രാജ്യാന്തര സൗഹൃദ പോരാട്ടങ്ങളില്‍ മുഖാമുഖം വന്നിട്ടുണ്ട്. 2003 ല്‍ ലൂയിസ് ഫിലിപ്പ് സ്്‌ക്കോളാരി പരിശീലിപ്പിച്ച സംഘം ഒരു ഗോളിന് ജയിച്ചപ്പോള്‍ ഗോള്‍ നേടിയത് സൂപ്പര്‍ താരം ലൂയിസ് ഫിഗോയായിരുന്നു. 2012 ലായിരുന്നു രണ്ടാമത് മല്‍സരം. ആ പോരാട്ടത്തില്‍ ഗോള്‍ പിറന്നില്ല. സി.ആര്‍ ഉള്‍പ്പെടെയുളളവര്‍ കളിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല.
ഇന്ന് അത്തരത്തില്‍ സംഭവിക്കരുതെന്ന കര്‍ക്കശ നിര്‍ദ്ദേശം കോച്ച് ഫെര്‍ണാണ്ടോ സാന്‍ഡോസ് താരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നിര്‍ണായക മല്‍സരങ്ങളില്‍ പറങ്കികള്‍ പതറുന്നാണ് കോച്ചിനെ അലട്ടുന്നത്. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ തന്നെ നേരിട്ട് ടീമിന് യോഗ്യത നേടാമായിരുന്നു. സെര്‍ബിയക്കെതിരായ അവസാന മല്‍സരത്തില്‍ സമനില മാത്രം മതിയായിട്ടും തോറ്റു പോയി. രണ്ടാം മിനുട്ടില്‍ തന്നെ സെര്‍ബിയക്കെതിരെ ലീഡ് നേടിയ ടീം പിന്നെ സമനില വഴങ്ങി. 90-ാം മിനുട്ടില്‍ സെര്‍ബിയക്കാര്‍ വിജയ ഗോളും നേടി സി.ആര്‍ സംഘത്തെ ഞെട്ടിക്കുകയായിരുന്നു.
തുര്‍ക്കിക്കെതിരായ പ്ലേ ഓഫ് സെമിയില്‍ സമ്മര്‍ദ്ദം കണ്ടു. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് നേടിയിട്ടും രണ്ടാം പകുതിയില്‍ പെനാല്‍ട്ടി പാഴാക്കി, ഒരു ഗോള്‍ വഴങ്ങി തുര്‍ക്കിയെ മല്‍സരത്തിലേക്ക് തിരികെ വരാന്‍ അനുവദിച്ചു. മാസിഡോണിയക്കാര്‍ തങ്ങളുടെ അവസാന മൂന്ന് മല്‍സരങ്ങളിലും ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കിയവരാണ്. എനിസ് ബാര്‍ദിയുടെ ഹാട്രിക്കില്‍ അര്‍മിനിയയെ അഞ്ച് ഗോളിന് തകര്‍ത്ത അവര്‍ ഐസ്‌ലന്‍ഡിനെ 3-1 നും തരിപ്പണമാക്കിയാണ് പ്ലേ ഓഫിലെത്തിയത്. അവിടെ മറിച്ചിട്ടത് വന്‍കരാ ചാമ്പ്യന്മാരായ ഇറ്റലിയെയും. അസൂരികള്‍ ആധിപത്യം പുലര്‍ത്തിയ മല്‍സരത്തിന്റെ 92-ാം മിനുട്ടില്‍ കിട്ടിയ അവസരമാണ് മാസിഡോണിയക്കാര്‍ മനോഹരമായി ഉപയോഗപ്പെടുത്തിയത്
പോര്‍ച്ചുഗല്‍ ടീം
ഗോള്‍ക്കീപ്പര്‍: റുയി പട്രീസിയ. ഡിഫന്‍സ്-റാഫേല്‍ ഗൂറെറോ, ജോസ് ഫോണ്ടെ, പെപെ, ജോവോ സാന്‍സിലോ. മിഡ്ഫീല്‍ഡ്-ജോവോ മോറിനോ, വില്ല്യം കാര്‍വാലോ, ബ്രുണോ ഫെര്‍ണാണ്ടസ്, മത്തേവോ നൂനസ്. സ്‌ട്രൈക്കേഴ്‌സ്-കൃസ്റ്റിയാനോ റൊണാള്‍ഡോ, ആന്ദ്രെ സില്‍വ, ഡിയാഗോ ജോട്ട, ജാവോ ഫെലിക്‌സ്.