X
    Categories: CultureViews

കോണ്‍ഫെഡറേഷന്‍ കപ്പ്: പോര്‍ച്ചുഗലിന് മൂന്നാം സ്ഥാനം

90-ാം മിനുട്ടില്‍ പോര്‍ചുഗലിന്റെ സമനില ഗോള്‍ പെപെ നേടുന്നു

മോസ്‌കോ: എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് മൂന്നാം സ്ഥാനം നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 54-ാമിനുട്ടില്‍ നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്‌സിക്കോ മുന്നിലെത്തിയെങ്കിലും 90-ാം മിനുട്ടില്‍ വെറ്ററന്‍ താരം പെപെ പോര്‍ച്ചുഗലിനെ ഒപ്പമെത്തിക്കുകയായിരുന്നു. 104-ാം മിനുട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ആഡ്രിയന്‍ സില്‍വ ജയമുറപ്പാക്കി.

ബെര്‍ണാര്‍ഡോ സില്‍വ ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടതിന് 17-ാം മിനുട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചെങ്കിലും ആന്ദ്രെ സില്‍വയുടെ കിക്ക് മെക്‌സിക്കന്‍ കീപ്പര്‍ ഒച്ചോവ ഡൈവ് ചെയ്ത് തട്ടിയകറ്റി. 55-ാം മിനുട്ടില്‍ ഹവിയര്‍ ഹെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്നുള്ള കാര്‍ലോസ് വേലയുടെ ഗോള്‍ശ്രമം നെറ്റോയുടെ കാലില്‍ തട്ടി വലയിലെത്തി.

മെക്‌സിക്കോ ജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു പെപെയുടെ രക്ഷാപ്രവര്‍ത്തനം. 90-ാം മിനുട്ടില്‍ വലതു വിങില്‍ നിന്ന് റിക്കാര്‍ഡോ ക്വാറസ്മ നല്‍കിയ ക്രോസ് ചാടിയുയര്‍ന്ന പെപെ വലയിലേക്ക് തട്ടുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാരണം സെമിഫൈനല്‍ പെപെ കളിച്ചിരുന്നില്ല.

എക്‌സ്ട്രാ ടൈമിന്റെ 15-ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ വീണ്ടും പെനാല്‍ട്ടി സമ്പാദിച്ചു. മിഗ്വെല്‍ ലയൂന്‍ ബോക്‌സില്‍ വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിനാണ് റഫറി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത ആഡ്രിയന്‍ സില്‍വ ഗോള്‍കീപ്പറെ തെറ്റായ ദിശയിലേക്ക് ഡൈവ് ചെയ്യിച്ച് വലകുലുക്കി.

ആഴ്ചകള്‍ക്കു മുമ്പ് പിറന്ന തന്റെ ഇരട്ടക്കുട്ടികളെ കാണുന്നതിനായി അമേരിക്കയിലേക്ക് പോയതിനാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലൂസേഴ്‌സ് ഫൈനലില്‍ കളിച്ചിരുന്നില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: