എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലാണ് ഇന്ന് ഗ്രൂപ്പ് എച്ചിലെ ആദ്യ മല്‍സരം. പോര്‍ച്ചുഗലും ദക്ഷിണ കൊറിയയും മുഖാമുഖം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ സംഘത്തിന് പേടിക്കാനൊന്നുമില്ല. ആദ്യ രണ്ട് മല്‍സരങ്ങളും അനായാസം സ്വന്തമാക്കിയ ടീം ആറ് പോയിന്റുമായി നോക്കൗട്ട് യോഗ്യത നേടിക്കഴിഞ്ഞു. കൊറിയക്ക് പക്ഷേ ഒരു പോയിന്റ് മാത്രമാണുള്ളത്.
യുറഗ്വായ്‌ക്കെതിരെ നേടിയ സമനിലയിലുടെ പ്രതീക്ഷ നേടിയ സംഘം പക്ഷേ ഘാനക്കെതിരെ തോറ്റ് പോയിരുന്നു. ഇന്ന് ജയിച്ചാല്‍ മാത്രമാണ് സണ്‍ ഹ്യൂങ് മിന്‍ നയിക്കുന്ന സംഘത്തിന് എന്തെങ്കിലും പ്രതീക്ഷയുള്ളു. ഇതേ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി രണ്ടാമത് നില്‍ക്കുന്ന ഘാനക്കാര്‍ യുറഗ്വായുമായി കളിക്കുന്നുണ്ട്.
കൊറിയക്ക് തലവേദന മധ്യനിരയാണ്. മുന്‍നിരയില്‍ സണിനെ പോലെ കരുത്തനായ ഗോള്‍ വേട്ടക്കാരനുള്ളപ്പോള്‍ അദ്ദേഹത്തിലേക്ക് പന്ത് എത്തുന്നില്ല. അവസാന രണ്ട് മല്‍സരങ്ങളിലും ഇതാണ് കണ്ടത്. പോര്‍ച്ചുഗല്‍ പിന്‍നിര ശക്തരായതിനാല്‍ ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാവും. 2002 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ പോര്‍ച്ചുഗലിനെയും മറികടന്ന് മുന്നേറിയ ചരിത്രമുണ്ട് കൊറിയക്ക്. അത്തരത്തിലൊരു മാജിക് പ്രകടനത്തിന് ടീമിനാവുമോ എന്നതാണ് ആരാധകര്‍ ആശങ്കയോടെ നോക്കുന്നത്.
പക്ഷേ പോര്‍ച്ചുഗല്‍ സംഘം കൂടുതല്‍ ശക്തരാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമല്ല ഭീഷണി. അവസാന മല്‍സരത്തില്‍ ഹാട്രിക്കിന് അരികിലെത്തിയ ബ്രുണോ ഫെര്‍ണാണ്ടസിനെ പോലുള്ളവരുണ്ട്. മൂന്ന് മല്‍സരങ്ങളും ജയിച്ച് കരുത്തരായി തന്നെ മുന്നോട്ട് പോവുക എന്നതാണ് ലക്ഷ്യമെന്ന് സി.ആര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം ഇന്നും കളിക്കാനാണ് സാധ്യത. കൊറിയയാവട്ടെ ഒരിക്കല്‍ കൂടി ടോട്ടനം ഗോള്‍ വേട്ടക്കാരന്‍ സണിനെ ആശ്രയിക്കുന്നു. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് മല്‍സരം.