ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത്ലീഗ് പ്രതിഷേധം ശക്തമാക്കിയതോടെ പരിപാടികള്‍ റദ്ദാക്കി മന്ത്രി മുങ്ങുന്നത് പതിവാകുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സ്വകാര്യ അവശ്യങ്ങള്‍ക്കുപോലും മന്ത്രിക്കായി വന്‍ പൊലീസ് പടയാണ് കാവല്‍ നില്‍ക്കുന്നത്.
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം പൊലീസ് കാവല്‍ വേണമെന്ന അവസ്ഥയിലാണ് മന്ത്രി. ആലത്തിയൂരിലെ ഒരു ബേക്കറിയില്‍ മന്ത്രി ചായ കുടിക്കുമ്പോള്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കെ.ടി ജലീല്‍ എത്തുന്ന വിവരമറിഞ്ഞ് തലക്കടത്തൂരില്‍ മന്ത്രിയെ തടയാനും കരിങ്കൊടി കാണിക്കാനുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരിന്നു. പ്രതിഷേധം ഭയന്ന് താനൂര്‍ എം.എല്‍.എയും പരിപാടിക്കെത്തിയില്ല. തുടര്‍ന്ന് അഴിമതി മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തലക്കടത്തൂര്‍ ടൗണില്‍ പ്രകടനം നടത്തി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിലെത്തിയ മന്ത്രിക്കെതിരെ എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വേദിയിലേക്ക് ഇരച്ചുകയറിയാണ് കരിങ്കൊടി കാണിച്ചത്. മണ്ണാര്‍ക്കാട്ടെ ഒരു പൊതുപരിപാടിയും പ്രതിഷേധം ഭയന്ന് മന്ത്രി ജലീല്‍ നേരത്തെ റദ്ദാക്കിയിരുന്നു.
അതേസമയം ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി. നവാസ് എന്നിവരടക്കം 20 വിദ്യാര്‍ത്ഥി നേതാക്കളെ ജയിലിലടച്ചതില്‍ യോഗം പ്രതിഷേധിച്ചു. മന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ നേതൃത്വം വേഗത്തിലാക്കി. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെട് പ്രമുഖര്‍ കോഴിക്കോട് ജയിലിലെത്തി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. അന്യായമായ അറസ്റ്റിനും കള്ളക്കേസിനും ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത്ലീഗ് നേതൃത്വം അറിയിച്ചു