അശ്ലീലവീഡിയോ വൈറലായതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി. സ്ഥാനാര്‍ഥി പിന്മാറി. ബാരാബങ്കി ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും സിറ്റിങ് എം.പി.യുമായ ഉപേന്ദ്രസിങ് റാവത്താണ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ബി.ജെ.പി. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപ്പട്ടികയില്‍ ബാരാബങ്കിയില്‍നിന്ന് ഉപേന്ദ്രസിങ്ങിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉപേന്ദ്രസിങ്ങിന്റെ പേരില്‍ അശ്ലീലവീഡിയോ പ്രചരിച്ചത്. ഒരുവിദേശവനിതയ്ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.
ഇതോടെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുകയാണെന്ന് ഉപേന്ദ്രസിങ് അറിയിക്കുകയായിരുന്നു. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് ഡീപ്ഫേക്ക് വീഡിയോയാണെന്നാണ് ഉപേന്ദ്രസിങ്ങിന്റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.