X
    Categories: Sports

കണ്ണീരോടെ മടങ്ങുകയാണ് അറ്റലസിലെ സിംഹങ്ങള്‍

പോര്‍ച്ചുഗല്‍ 1 മൊറോക്കോ 0

 

ഇടിയും മിന്നലുമുള്ളൊരു പെരുമഴ പെയ്തു തീര്‍ന്നപോലെയാണ് പോര്‍ച്ചുഗല്‍മൊറോക്കോ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ തോന്നിയത്. യൂറോ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി, ഒടുക്കം ദൗര്‍ഭാഗ്യത്തിന്റെ കണ്ണീരുമായി പുറത്തേക്കു നടന്ന അറ്റ്‌ലസിലെ സിംഹങ്ങള്‍. നാലാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളൊഴിച്ചാല്‍ പോര്‍ച്ചുഗലിന് ഈ മത്സരത്തില്‍ ഒന്നുമില്ലായിരുന്നു; പക്ഷേ, അവര്‍ക്ക് അതുമാത്രം മതിയായിരുന്നു.

നോര്‍ദിന്‍ അംറബാത്ത്, മെഹ്ദി ബെനാത്തിയ, ഹകീം സിയെച്ച്, അഷ്‌റഫ് ഹകീമി, നബീല്‍ ദിറാര്‍… ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരം കണ്ടവരാരും ഈ പേരുകള്‍ മറക്കില്ല. വിശേഷിച്ചും വലതുവിങില്‍ ഗ്വെറേറോയുടെയും ഫുള്‍ബാക്കുമാരായ ഫോണ്ടെയുടെയും പെപ്പെയുടെയും സൈ്വര്യം കെടുത്തിയ അംറബാത്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍. മെഹ്ദി ബെനാത്തിയയുടെ കാലുകള്‍ക്ക് ഒരല്‍പം കൂടി ഭാഗ്യമുണ്ടായിരുന്നെങ്കില്‍, ക്രോസ് റേഞ്ചില്‍ നിന്ന് തൊടുത്ത വെടിയുണ്ടകള്‍ ഒരല്‍പം താഴ്ന്നു പറന്നിരുന്നെങ്കില്‍…

പോര്‍ച്ചുഗീസ് ഗോള്‍വലയ്ക്കു മുന്നില്‍ റൂയ് പാട്രിഷ്യോ അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ മൊറോക്കോക്കാര്‍ ചിരിച്ചുകൊണ്ട് മൈതാനത്തു നിന്നു കയറുമായിരുന്നു. ഇന്നത്തെ വിജയത്തിന് പറങ്കികള്‍ ആര്‍ക്കെങ്കിലും നന്ദി പറയുന്നുണ്ടെങ്കില്‍ അത് പാട്രിഷ്യോയ്ക്ക് തന്നെയായിരിക്കും. നാലാം മിനുട്ടിനു ശേഷം, ലോകഫുട്‌ബോളറായ ക്രിസ്റ്റിയാനോ മൈതാനത്തുണ്ടെന്ന കാര്യം മറന്നതു പോലെയായിരുന്നു മൊറോക്കോയുടെ പോര്‍വിളി.

സെറ്റ്പീസുകളില്‍ ഒരു ആഫ്രിക്കന്‍ ടീം യൂറോപ്യന്മാര്‍ക്ക് തുടര്‍ച്ചയായി ഭീഷണിയുയര്‍ത്തുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സിയെച്ച് തൊടുത്തുവിട്ട അസ്ത്രങ്ങളിലൊന്നും പോര്‍ച്ചുഗീസ് ബോക്‌സില്‍ ആശങ്ക പടര്‍ത്താതിരുന്നില്ല. അതേസമയം, അവസാന ക്വാര്‍ട്ടറില്‍ അംറബാത്ത് വിങ് മാറിക്കളിച്ചത് പോര്‍ച്ചുഗലിന് കാര്യങ്ങള്‍ എളുപ്പമാക്കി. അഷ്‌റഫ് ഹകീമിയും സിയെച്ചും പന്തിന്മേലെടുത്ത അധിക ടച്ചുകള്‍ അവരുടെ പ്രത്യാക്രമണങ്ങളുടെ മൂര്‍ച്ച കുറക്കുകയും ചെയ്തു. മത്സരം നിയന്ത്രിച്ച അമേരിക്കക്കാരന്‍ മാര്‍ക് ഗീഗര്‍ ക്രിസ്റ്റിയാനോയെ ആവശ്യത്തിന് സംരക്ഷിച്ചപ്പോള്‍ പോര്‍ച്ചുഗീസ് താരങ്ങള്‍ നടത്തിയ ഫൗളുകള്‍ ശിക്ഷിക്കപ്പെടാതെ പോയതായി തോന്നി.

ഇത്രയും നന്നായി കളിപ്പിക്കുന്ന, എതിരാളികളുടെ മുഖം നോക്കാതെ വന്യമായ ഫുട്‌ബോളിനാല്‍ ആക്രമിക്കുന്ന ടീമുകള്‍ ആദ്യറൗണ്ടില്‍ വീണുപോകുന്നത് സങ്കടകരമാണ്. കടുപ്പമേറിയ ഗ്രൂപ്പുകളില്‍ പെട്ടുപോകാത്തതിനാല്‍ മാത്രം മൊറോക്കോയേക്കാള്‍ ദുര്‍ബലരായ എത്ര ടീമുകളാണ് രണ്ടാം റൗണ്ട് കാണുക!

നാലു ഗോളുമായി ടൂര്‍ണമെന്റിലെ വേട്ടക്കാരില്‍ മുന്നിലുള്ള ക്രിസ്റ്റിയാനോയെ നമിക്കാം. ഇന്നത്തെ മൂന്നു പോയിന്റ് അവര്‍ക്ക് നിര്‍ണായകമായിരുന്നു. ക്യാപ്ടന്റെ ഉത്തരവാദിത്തം ഗോളിലൂടെ ക്രിസ്റ്റിയാനോ നിറവേറ്റി. അണ്ടര്‍ഡോഗുകളായി ഇറാനാണ് ഇനി ബി. ഗ്രൂപ്പില്‍ ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ അവര്‍ അത്ഭുതം കാണിച്ചാല്‍ യൂറോപ്പിലെ കരുത്തരായ ഒരു ടീമിന് ഒരുപക്ഷേ, ആദ്യറൗണ്ടില്‍ മടങ്ങേണ്ടി വരും; ആ സാധ്യത വിദൂരമാണെങ്കില്‍പ്പോലും.

chandrika: