റായ്പുര്‍: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരില്‍ ഗരീബ് കല്യാണ്‍ സമ്മേളനില്‍’ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും’- മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഛത്തിസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും മന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
ചില കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ല. ജല്‍ ജീവന്‍ മിഷന്‍ പ്രകാരം 23% പ്രവൃത്തി മാത്രമേ സംസ്ഥാനത്ത് നടന്നിട്ടുള്ളൂ. എന്നാല്‍ അതിന്റെ ദേശീയ ശരാശരി 50 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഏപ്രിലില്‍, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ കൊണ്ടുവന്നിരുന്നു. എന്നാല്‍ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്.
നിര്‍ബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവല്‍ക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി അന്നു പറഞ്ഞു. ഏപ്രില്‍ 22നായിരുന്നു ഇത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം ബി.ജെ.പി മന്ത്രി തന്നെ ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് നിയമം കൊണ്ടു വരുമെന്നു പ്രഖ്യാപിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കുമെന്നാണ് വിലയിരുത്തല്‍.